ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ സംശയങ്ങൾ വർധിപ്പിക്കുന്നു.
മരിച്ച യുവതികളുടെ ഫോണും സിമ്മും രേഷ്മ ഉപയോഗിച്ചിരുന്നു. രേഷ്മ അറസ്റ്റിലായതോടെ ഇരുവരും മാനസിക സമ്മർദത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
“അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ (രേഷ്മ) ഇത്രയും വഞ്ചകിയും ആണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്ന് മാത്രമേ വിചാരിച്ചിട്ടുള്ളു.
എന്റെ മോനെ നല്ലതു പോലെ നോക്കണേ. എന്റെ രഞ്ചിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം’’.
ആത്മഹത്യ ചെയ്ത ആര്യയുടെ വീട്ടിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ രേഷ്മയോടുള്ള എല്ലാ വികാരങ്ങളും പ്രതിഫലിക്കുന്നുണ്ട്.പോലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചത് തന്നെ അവർക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു.
നവജാത ശിശുവിനെ ഉപക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (27) വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ ഗ്രീഷ്മ (19)എന്നിവരാണ് പോലീസ് ചോദ്യം ചെയ്യാൻ ചെല്ലണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഗ്രീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ആത്മഹത്യയോടു കൂടി രേഷ്മ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ കേന്ദ്രകഥാപാത്രമാകുന്നു. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ദുരൂഹതകളുടെ ഉത്തരം കണ്ടെത്താൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.കോവിഡ് പോസിറ്റീവായ രേഷ്മയെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങുന്നതും ബുദ്ധിമുട്ടാണ്.
ആരെങ്കിലും വ്യാജ ഐഡി ചമച്ച് രേഷ്മയുടെ കാമുകനായി അഭിനയിച്ചത് ഇവർക്കറിയാമായിരുന്നോ, എന്ന സംശയവും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചു.
ആത്മഹത്യ ചെയ്ത യുവതികളുടെ സിമ്മുകൾ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കളിതമാശയ്ക്ക് വേണ്ടി വ്യാജ പ്രൊഫൈൽ ഉണ്ടാക്കി രേഷ്മയുടെ ഫേസ്ബുക്ക് കാമുകനായി അഭിനയിച്ചത് ഇവരാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്.
പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ ഹാജരാകാതെ ആത്മഹത്യ ചെയ്തതാണ് സംശയങ്ങൾ ഉയർത്തുന്നത്. ഇവർ എന്തോ രഹസ്യങ്ങൾ സൂക്ഷിച്ചിരുന്നുവെന്നതും, പോലീസ് ചോദ്യം ചെയ്താൽ പിടിച്ചു നില്ക്കാൻ കഴിയാതെ വരുമെന്ന് ഭയന്നിട്ടാണ് ആത്മഹത്യയിലഭയം തേടിയതെന്നുമുള്ള സംശയം നാട്ടുകാരും പ്രകടിപ്പിക്കുന്നു.
പോലീസ് ചോദ്യം ചെയ്യാൻ വിളിക്കാത്ത ഗ്രീഷ്മയും ആര്യയ്ക്കൊപ്പം ആത്മഹത്യ ചെയ്തതും സംശയങ്ങൾ വർധിപ്പിക്കുന്നു. ആര്യയും ഗ്രീഷ്മയും ബന്ധുക്കളെന്നതിനെക്കാൾ അതിലും വലിയ സുഹൃത്തുക്കൾ കൂടിയായിരുന്നു. ആര്യയുടെ എല്ലാ കാര്യങ്ങളും ഗ്രീഷ്മ അറിയുമായിരുന്നെന്നാണ് വിവരം.