അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങളെത്തി.
എന്നാൽ ആദ്യത്തേത് പോലെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അന്ന അഭിനയിച്ചിരിക്കുന്നത്.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെത്തുന്നതിന് മുൻപ് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം.
അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടുക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനം എന്റെ ജോലിയാണ്. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷേ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എന്റെ മനസ് പറഞ്ഞ് കൊണ്ടേയിരുന്നു.
ഞാൻ ഹോസ്പിറ്റലിലെ ഡയറക്ടേഴ്സിനോട് അഭിപ്രായം ചോദിച്ചു. അവർ കിട്ടിയ അവസരം കളയണ്ടെന്ന് പറഞ്ഞു. രണ്ട് മാസം ലീവ് എടുത്ത് പൊയ്ക്കോളു എന്ന് പറഞ്ഞു. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്കായ തീരുമാനമെടുത്തു.
ജോലി കളഞ്ഞ് സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം. അപ്പൻ മരിച്ചിട്ട് രണ്ട് കൊല്ലമേ ആയുള്ളു.
അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞ് ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും ഉണ്ടായിരുന്നു” -അന്ന രേഷ്മ രാജൻ അഭിമുഖത്തിൽ പറയുന്നു.