നൗഷാദ് മാങ്കാംകുഴി
കായംകുളം: കോമഡി ഷോകളിലൂടെ മിനി സ്ക്രീനിൽ ചിരിവിസ്മയം തീർക്കുന്ന രശ്മി അനിലിന് മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ചത് കലാ മികവിനുള്ള അംഗീകാരമായി.
അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ ഹാസ്യാവതരണ മികവിനാണ് പുരസ്കാരം. കഴിഞ്ഞ വർഷവും ഇതേ കോമഡി ഷോയിലെ ഹാസ്യാഭിനയ മികവിനായിരുന്നു പുരസ്കാരം ലഭിച്ചത്.
കോവിഡ് പ്രതിസന്ധി നിറഞ്ഞ കാലത്ത് രണ്ടാം തവണയും മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും, മികച്ച ഹാസ്യ താരമായി വീണ്ടും അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണന്നും ദൈവത്തോട് നന്ദി പറയുന്നതായും രശ്മി രാഷ്ട്രദീപികയോട് പറഞ്ഞു.
കോമഡി മാസ്റ്റേഴ്സ് പരിപാടിയുടെ സംവിധായകൻ അമർജിത്ത് പിന്നെ കൂടെ അഭിനയിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രശ്മി പറഞ്ഞു.
സ്ക്രീനിൽ എത്തുന്ന നിമിഷം മുതൽ തന്നെ പ്രേക്ഷകർക്ക് ചിരി വിസ്മയം പകരുന്ന ഹാസ്യാഭിനയത്തിലൂടെ ജനപ്രിയ താരമായി മാറിയ നടിയാണ് രശ്മി അനിൽകുമാർ.
തനതായ അവതരണ ശൈലിയിലൂടെ ചിരിക്കാത്തവരെ പോലും ചിരിപ്പിക്കാൻ കഴിയുന്ന ഹാസ്യാഭിനയമാണ് രശ്മിയെ വ്യത്യസ്തയാക്കുന്നത്.
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് മിമിക്രിയിലും മോണോ ആക്ടിലൂടെയുമാണ് കലാരംഗത്തെത്തുന്നത്.
കെപിഎസിയുടെ നാടകത്തിലൂടെയാണ് ആദ്യ അരങ്ങേറ്റം. കെപിഎസിയുടെ തമസ് എന്ന നാടകത്തിൽ നായികയായും സ്കൂൾ കുട്ടിയായും ഇരട്ട വേഷം ചെയ്തു.
പിന്നീട് കെ പിഎസിയുടെ തോപ്പിൽ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രൻ എന്നീ നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
മിനിസ്ക്രീനിൽ ആദ്യം എത്തിയത് ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള സീരിയലിൽ ചട്ടന്പി സ്വാമിയുടെ ‘അമ്മ ഭഗവതി’ എന്ന കഥാപാത്രമായി അഭിനയിച്ചാണ്.
ആദ്യമായി കാമറക്ക് മുന്പിൽ എത്തുന്നതും ഈ സീരിയലിലൂടെയാണ്.
പിന്നീട് നിരവധി മലയാളം ചാനലുകളിലെ കോമഡി ഷോകളിലും, റിയാലിറ്റി ഷോകളിലും അഭിനയിച്ച് ജനപ്രിയ താരമായി മാറുകയായിരുന്നു.
ഇരുപത്തിയഞ്ചോളം സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കായംകുളം എസ് എൻ വിദ്യാപീഠത്തിൽ മലയാളം അധ്യാപികയായി ഒന്നരവർഷം ജോലി ചെയ്യുകയും കേരളയൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യസത്തിലൂടെ പി ജി കരസ്ഥമാക്കുകയും ചെയ്തിരുന്നു.
കൈരളിയിലെ ലൗഡ് സ്പീക്കർ, അമൃതയിലെ കോമഡി മാസ്റ്റേഴ്സ് എന്നീ ഷോകളിൽ ആണ് ഇപ്പോൾ രശ്മി ഹാസ്യാവതരണം നടത്തുന്നത്.
കായംകുളം കറ്റാനം മഞ്ഞാടിത്തറ ചാങ്ങയിൽ തറയിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെയും രത്നമ്മയുടെയും ഇളയ മകളാണ് രശ്മി. ഭർത്താവ്: അനിൽ കുമാർ. മക്കൾ: കൃഷ്ണ പ്രിയ, ശബരിനാഥ്.