കോടമഞ്ഞിലും കൊടുങ്കാറ്റിലുമെല്ലാം നമ്മളൊന്നല്ലേ… കേരളത്തിലെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ രശ്മി സതീഷ് ആലപിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു…

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ ആവശ്യം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഈ പശ്ചാത്തലത്തില്‍ രശ്മി രതീഷ് ആലപിക്കുന്ന പാട്ട് ശ്രദ്ധേയമാവുകയാണ്.

”കൂരിരുട്ടില്‍ നമ്മളൊന്ന്, കോടമഞ്ഞില്‍ നമ്മളൊന്ന്, കൊടുങ്കാറ്റില്‍, കൊടുംവെയിലില്‍, പേമാരിയില്‍ നമ്മളൊന്ന്” എന്ന് തുടരുന്ന വരികള്‍ ഇന്നത്തെ കേരളത്തില്‍ ഏറ്റവും പ്രസക്തിയുള്ളതായി തോന്നിയത് കൊണ്ടാണ് ഈ ഗാനം പാടി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് രശ്മി പറയുന്നു.

”തൃശൂരില്‍ നടന്ന മനുഷ്യ സംഗമത്തില്‍ വച്ചാണ് ഈ ഗാനം കേട്ടത്. പിന്നീട് പല പല ക്യാമ്പുകളിലും കേട്ടിട്ടുണ്ട്. ‘പങ്കു വയ്ക്കുക തുല്യരായ് നാം, നാമൊന്നല്ലേ, ഈ കനക മണികള്‍, മുത്തുമണികള്‍ നമ്മുടേതല്ലേ’ എന്ന ഒരുമയുടെ ഈ സന്ദേശമാണ് കേരളത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നത്”,

വരികള്‍ കൃത്യമായി അറിയില്ല, ഓര്‍മ്മയില്‍ നിന്ന് തപ്പിയെടുത്തു പാടിയതാണ് എന്നും രശ്മി സതീഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ സജീവമായി ആലപിക്കപ്പെടുന്ന പരിസ്ഥിതി ഗാനമായ ‘ഇനി വരുന്നൊരു തലമുറയ്ക്ക്’ എന്ന ഗാനവും ജനപ്രിയമാക്കിയത് രശ്മി സതീഷ് ആണ്. 2014ല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

തന്റെ സംഗീത പരിപാടികളില്‍ നാടന്‍ പാട്ടുകള്‍ ധാരാളമായി ആലപിക്കുന്ന രശ്മി സതീഷ് ശബ്ദലേഖകയും അഭിനേത്രിയും കൂടിയാണ്. രശ്മിയുടെ പുതിയ ഗാനവും ഇതിനോടകം വൈറലായിരിക്കുകയാണ്.

Related posts