തിരുവില്വാമല: പരീക്ഷയ്ക്കിടയിൽ അമ്മയുടെ മരണം ഏൽപ്പിച്ച തീരാദുഃഖത്തിനിടയിൽ മനസു തളരാതെ പഠിച്ച രശ്മി എസ്എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. തിരുവില്വാമല കണിയാർക്കോട് വിനോദ് ഭവനിൽ രാജു – സിന്ധ്യ ദന്പതികളുടെ മകളായ രശ്മിയുടെ അമ്മ പരീക്ഷക്കിടെയാണ് മരിച്ചത്.
തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പരീക്ഷ കഴിഞ്ഞതോടെയാണ് അമ്മ സിന്ധ്യയുടെ മരണം. അമ്മയുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കി തുടർന്നുള്ള പരീക്ഷകളിലും തളരാതെ നന്നായി പഠിച്ചു.
പഠിപ്പിൽ മിടുക്കിയായിരുന്ന രശ്മിയെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു. അമ്മയുടെ സഹോദരിയുടെ വീട്ടിൽനിന്നു പഠിക്കുന്ന രശ്മി പ്ലസ് ടുവിനു സയൻസ് വിഷയമെടുത്ത് പഠിക്കാനാണ് ആഗ്രഹിക്കുന്നത്.