സമൂഹത്തിൽ സാമൂഹ്യമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
ലോകത്തിന്റെ വിവിധ കോണുകളിലെ സംഭവവികാസങ്ങൾ അറിയാനും അഭിപ്രായം രേഖപ്പെടുത്താനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമെല്ലാം സോഷ്യൽമീഡിയ വഴി സാധിക്കുന്നു.
ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരിൽ സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, എഴുത്തുകാർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരാണ് ഉൾപ്പെടുന്നത്.
നമുക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെ വിശേഷങ്ങൾ ഉടൻ തന്നെ അറിയാനും ഈ സമൂഹമാധ്യമങ്ങൾ എല്ലാവരേയും സഹായിക്കാറുണ്ട്. എല്ലാ താരങ്ങൾക്കും മില്യൺ കണക്കിന് ഫോളോവേഴ്സും എല്ലാ സോഷ്യൽമീഡിയകളിലുമുണ്ട്.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന.
മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലടക്കം നിരവധി ആരാധകർ രശ്മിക മന്ദാനയ്ക്കുണ്ട്.
ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് നാഷണൽ ക്രഷായി രശ്മിക വളർന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയാണ് രശ്മികയെ തെന്നിന്ത്യയിൽ പ്രശസ്തയാക്കിയത്.
ഇതു മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു.ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക.
ഫോബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സൗത്ത് ഇന്ത്യൻ താരം എന്ന പദവിയാണ് രശ്മികയെ തേടിയെത്തിയിരിക്കുന്നത്.
നടി സാമന്ത റൂത്ത് പ്രഭുവിനെയും കന്നടതാരം യഷിനെയും വിജയ് ദേവരകൊണ്ടയേയുമെല്ലാം പിന്തള്ളിയാണ് രശ്മിക ഒന്നാം സ്ഥാനത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം 22 മില്യണിലധികം ആളുകളാണ് രശ്മികയെ ഫോളോ ചെയ്യുന്നത്. നടൻ വിജയ് ദേവരകൊണ്ടയാണ് രണ്ടാംസ്ഥാനത്തുള്ളത് കെജിഎഫ് താരം യഷ് മൂന്നാം സ്ഥാനത്തുമെത്തി.
നടി സാമന്ത നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം അല്ലു അർജുനാണ്. 9.88 പോയിന്റാണ് ഒന്നാംസ്ഥാനത്തോടൊപ്പം രശ്മികയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ വിജയ് ദേവരകൊണ്ടയ്ക്ക് 9.67 പോയിന്റും മൂന്നാംസ്ഥാനത്തെത്തിയ യഷിന് 9.54 പോയിന്റും നാലാം സ്ഥാനത്ത് എത്തിയ സാമന്തയ്ക്ക് 9.49 പോയിന്റും അഞ്ചാം സ്ഥാനത്ത് എത്തിയ അല്ലു അർജുന് 9.46 പോയിന്റുമാണ് ലഭിച്ചത്. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനാണ് പട്ടികയിൽ ആറാം സ്ഥാനത്ത്.
9.42 പോയിന്റാണ് താരത്തിന് ലഭിച്ചത്. ഏഴാം സ്ഥാനം തെന്നിന്ത്യൻസുന്ദരി പൂജ ഹെഗ്ഡെയ്ക്കാണ് 9.41 പോയിന്റാണ് പൂജയ്ക്ക് ലഭിച്ചത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ ശ്രദ്ധനേടിയ പ്രഭാസാണ് എട്ടാം സ്ഥാനത്ത്. 9.40 പോയിന്റാണ് താരത്തിന് ലഭിച്ചത്. തമിഴ് നടൻ സൂര്യയാണ് ഒമ്പതാം സ്ഥാനത്ത്.
തമന്നയ്ക്കാണ് പത്താം സ്ഥാനം. പതിനൊന്നാം സ്ഥാനം തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനാണ് ലഭിച്ചത്. പിന്നാലെ രാം ചരൺ, ധനുഷ്, ജൂനിയർ എൻടിആർ, കാജൽ അഗർവാൾ എന്നിവരുമുണ്ട്.തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരുടെ ഇൻസ്റ്റാഗ്രാം പ്രവർത്തനങ്ങൾ പരിശോധിച്ചാണ് ഫോബ്സ് പട്ടിക പുറത്തിറക്കുന്നത്.
നാല് മേഖലയിൽ നിന്നുമായി ഏറ്റവും കൂടുതൽ സ്വാധീനമുള്ള 30 അഭിനേതാക്കളുടെ പട്ടികയാണ് ഫോർബ്സ് പുറത്തിറക്കിയത്. താരങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലെ ആവറേജ് ലൈക്, കമന്റുകൾ, എൻഗേജ്മെന്റ്റേറ്റ്, വീഡിയോ കാഴ്ചക്കാർ, ഫോളോവേഴ്സ് എന്നിവയെ ആസ്പദമാക്കിയാണ് പട്ടിക പുറത്തുവിട്ടത്. തെലുങ്ക് താരങ്ങൾ തന്നെയാണ് പട്ടികയിൽ ആധിപത്യം നേടിയിരിക്കുന്നത്.