സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചറിയാന് ആരാധകര്‍ക്കു വലിയ താത്പര്യമാണ്. ഇത്തരം കാര്യങ്ങള്‍ ആരാധകരിലെത്തിക്കാന്‍ പപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ നിഴല്‍ പോലെയുണ്ടാകും.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് എപ്പോഴും കാമറക്കണ്ണുകള്‍ അവരെ പിന്തുടര്ന്നു കൊണ്ടിരിക്കും.
ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാന.
കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് രശ്മിക. രശ്മികയ്ക്കെതിരേ ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്.
തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരേ രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു റസ്റ്ററന്റില്‍ നിന്നു പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്.
എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കയറുകയാണ് രശ്മിക. പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു.
എന്തെങ്കിലും കഴിക്കാൻ തരുമോ എന്നാണ് ആ കുട്ടിയും ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. തീര്‍ത്തും സാധാരണമായൊരു വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയ ഇപ്പോള്‍ രശ്മികയ്ക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ്.
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പോയ രശ്മിക ക്രൂരയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പണം വരുമ്പോള്‍ ഇവരുടെ ഹൃദയം നഷ്ടപ്പെടുമോയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിക്കുന്നു.
എന്തെങ്കിലും കൊടുക്കാമായിരുന്നു. അവര്‍ക്കെന്തിങ്കിലും നല്കിയാല് ഇവള്‍ക്കെന്ത് നഷ്ടപ്പെടാനാണ്, കണ്ടിട്ട് സങ്കടം വരികയാണെന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
എന്നാല്‍ താരത്തെ കടന്നാക്രമിക്കാന്‍ മാത്രമൊന്നുമില്ലെന്നും കമന്റുകള്‍ കണ്ടാല്‍ തോന്നും ഈ നാട് മൊത്തം നന്മയാണെന്നും ഈ കമന്റിടുന്നവര്‍ എന്തെങ്കിലും കൊടുക്കാറുണ്ടോ എന്നുമാണ് ചിലര്‍ തിരിച്ച് ചോദിക്കുന്നത്.