കന്നഡ സിനിമയില്‍ രശ്മിക മന്ദാനയ്ക്കു വിലക്കേർപ്പെടുത്തിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടിരംഗത്ത്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് വിലക്കില്ലെന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. കന്നഡ സിനിമയോട് എപ്പോഴും നന്ദിയും ബഹുമാനവുമുമാണെന്നും രശ്മിക പ്രതികരിച്ചു.
എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും എന്നോട് അടുപ്പമുള്ളവരെയും സംബന്ധിക്കുന്നതാണ്. കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരേ പ്രതികരിച്ചു.
പക്ഷേ അതൊന്നും ഞാന്‍ കാര്യമായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു.
ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്.
കന്നഡയില്‍നിന്ന് എനിക്ക് വിലക്ക് ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കാന്‍ തയാറാണ്- രശ്മിക പറഞ്ഞു.
കന്താര തിയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരെ ചിത്രം കണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രശ്മിക മറുപടി നൽകിയത്.
രശ്മികയുടെ ആദ്യ ചിത്രം കിറിക്ക് പാര്‍ട്ടി നിര്‍മിച്ച പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശവും വിവാദത്തിലായി.
റിഷബ് ഷെട്ടിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന്റെ നിര്‍മാണം അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നു.
ഒരു അഭിമുഖത്തിനിടെ ചിത്രത്തെക്കുറിച്ച് സംസാരിച്ച രശ്മിക, പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പറയാതെ കൈകൊണ്ട് ‘ഇന്‍വേര്‍ട്ടഡ് കോമ’ ആംഗ്യം കാണിച്ചു.
പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ പ്രാങ്ക് ആയിരിക്കുമെന്ന് കരുതിയതായി നടി പറഞ്ഞു. കാന്താരയുടെ വിജയത്തെത്തുടര്‍ന്നുള്ള അഭിമുഖത്തില്‍ റിഷബ് ഷെട്ടി നടിയോട് അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ഏത് നടിക്കൊപ്പം സിനിമ ചെയ്യാനാണ് ഇനി താത്പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് കൈകൊണ്ട് ‘ഇന്‍വേര്‍ട്ടഡ് കോമ’ കാണിച്ച്, ഈ നടിയെ തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു റിഷ്ബിന്റെ മറുപടി.
ഇതിനു ശേഷമാണ് രശ്മികയ്ക്ക് കന്നഡ സിനിമയില്‍ വിലക്ക് വരുന്നതായി വാര്‍ത്തകള്‍ വന്നത്. ഇതിനു പിന്നാലെയാണ് വിഷയത്തിൽ രശ്മിക പ്രതികരിച്ചത്.