കണ്ണൂർ: ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന യുവതി തീരുമാനം മാറ്റി. കഴിഞ്ഞമാസം മാലയിട്ട ഇവർ രഹസ്യമായി ഇന്നലെ രാവിലെ ചെറുകുന്നിലെ ഒരു കാവിൽനിന്ന് കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിൻമാർഗം സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണ് യാത്ര ഉപേക്ഷിച്ചത്.
ഇന്നലെ ഉച്ചയോടെ വീടിനു സമീപത്ത് പ്രതിഷേധക്കാര്‍ എത്തിയ സാഹചര്യത്തിലാണ് രേഷ്മയെന്ന യുവതിയുടെ പിന്മാറ്റം. പ്രതിഷേധം കണക്കിലെടുത്ത് യാത്ര റദ്ദാക്കാൻ ബന്ധുക്കളും നിർദേശിച്ചിരുന്നു.
മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച യുവതിക്കുനേരേ കഴിഞ്ഞമാസം15 ന് ഭീഷണി ഉണ്ടായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.