മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു രാഹുൽ ദ്രാവിഡ് തുടർന്നേക്കില്ല. കരാർ പുതുക്കാൻ ദ്രാവിഡിനു താത്പര്യമില്ലെന്നാണു സൂചന. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി ദ്രാവിഡ് ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഈ വർഷത്തെ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കരാർ. പുതിയ കരാർ നൽകാമെന്നു ബിസിസിഐ പറഞ്ഞിട്ടില്ല. കരാർ വേണമെന്നു ദ്രാവിഡും ആവശ്യപ്പെട്ടിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പ്രവർത്തനങ്ങളിലേക്കു മടങ്ങിപ്പോകാനാണു ദ്രാവിഡിനു താത്പര്യം. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെ കരാറിന്റെ കാര്യത്തിൽ ദ്രാവിഡ് ബിസിസിഐയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ട്.
2021ലെ ട്വന്റി20 ലോകകപ്പിനു പിന്നാലെയാണു ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. ദ്രാവിഡ് പരിശീലിപ്പിച്ച ടീം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ഓസ്ട്രേലിയയോടു പരാജയപ്പെട്ടു.
കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. ഈ വർഷം ഏഷ്യാകപ്പ് കിരീടം നേടിയതാണു പ്രധാന നേട്ടം. പരിശീലകസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണു കഴിഞ്ഞ ദിവസംവരെ ദ്രാവിഡ് പ്രതികരിച്ചത്. സമയമാകുന്പോൾ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
ലക്ഷ്മണ് സാധ്യത
മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണ് ദ്രാവിഡിനു പകരം ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്താനാണു കൂടുതൽ സാധ്യത.
ഓസ്ട്രേലിയയ്ക്കെതിരേ ഇന്നലെ ആരംഭിച്ച ട്വന്റി20 പരന്പരയിൽ ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകൻ. പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ലക്ഷ്മണു താത്പര്യമുണ്ട്.
ലോകകപ്പിനിടെ അഹമ്മദാബാദിലെത്തിയ ലക്ഷ്മണ് ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്പായി ലക്ഷ്മണ് പരിശീലകസ്ഥാനം ഏറ്റെടുത്തേക്കും. ദീർഘകാല കരാറാകും ലക്ഷ്മണ് ബിസിസിഐ നൽകുക.