ഹൈദരാബാദ്: പ്രണയം മരണത്തേക്കാൾ ബലമുള്ളതാണെന്ന് ആ ആശുപത്രികിടക്കകളും ഇനി സാക്ഷ്യം പറയും. തെലുങ്കാനയിൽ പ്രണയിനികളായ യുവാവും യുവതിയും ആശുപത്രികിടക്കയിൽ വരണ്യമാല്യം ചാർത്തി ഒന്നായി. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം. അതാലി സ്വദേശിനി രശ്മിയും (19) കുകിന്ദ ഗ്രാമത്തിൽനിന്നുള്ള നവാസുമാണ് (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കയിൽ വിവാഹിതരായത്.
അകന്ന ബന്ധുക്കൾ കൂടിയായ കമിതാക്കളെ ജീവിതത്തിൽ ഒന്നിക്കാൻ ബന്ധുക്കൾ അനുവദിക്കാതെ വന്നതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. ഇലക്ട്രീഷനായ നവാസുമായി രണ്ടു വർഷമായി രശ്മി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിനു ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ തയറെടുക്കുന്ന വിവരം അറിഞ്ഞ് രശ്മി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
ഉടൻ തന്നെ രശ്മിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തിയ നവാസ് രശ്മിയെ കണ്ടു. മനോവിഷമത്തിൽ നവാസും വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സർക്കാർ ആശുപത്രിയിൽനിന്നും ക്രൊഫോർഡ് മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്. ഡോക്ടർ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താൻ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രശ്മിയും വീൽചെയറിൽ ഇരുന്നാണ് ചടങ്ങിൽ സംബന്ധിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.