പ്രദീപ് ഗോപി
മിനി സ്ക്രീന്‍ കോമഡി പ്രോഗ്രാമുകളിലെ മിന്നുംതാരമാണ് രശ്മി അനില്‍. ഈ രംഗത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു പറയാം. മിനിസ്ക്രീനില്നിന്നു ബിഗ് സ്ക്രീനിലേക്കെത്തിയ രശ്മിക്ക് 2023 ഒരു വലിയ സ്വപ്നം സത്യമായ വര്‍ഷമായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ സിനിമയില്‍ വേഷം ലഭിച്ച വര്‍ഷം. ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ റാഹേല്‍ മകന് കോര എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം രശ്മി ചെയ്തു.
ആ സ്വപ്നം സത്യമായി
‘ലൈഫ് ഓഫ് ജോസൂട്ടി’ കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ജീത്തു ജോസഫ് സാര്‍ ‘നേര്’ എന്ന സിനിമയിലേക്കു വിളിച്ചു. എന്നെ ആ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കാണിച്ച ആ വലിയ മനസിന് നന്ദി. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്ന എന്റെ വലിയ സ്വപ്നം അങ്ങനെ 2023ല്‍ യാഥാര്‍ഥ്യമായി. ലാലേട്ടനും ജീത്തു സാറിനും ആശീര്‍വാദ് ഫിലിംസിനും നന്ദി.
രണ്ടു ദിവസം ലാലേട്ടന്റെ കൂടെ അഭിനയിച്ചു. അദ്ദേഹത്തിനൊപ്പവും കുറച്ചു സീനുകള്‍ ഒക്കെയുണ്ട്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അടുത്ത ദിവസം ഡബ്ബിംഗ് ആരംഭിക്കും. ജഗദീഷ് ചേട്ടന് ചെയ്യുന്ന കഥാപാത്രത്തിന്റെ വീട്ടിലെ ജോലിക്കാരിയായ സീമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഞാന്‍ ജോലി ചെയ്ത ആ വീട്ടില്‍ ഒരു കുറ്റകൃത്യം നടക്കുന്നുണ്ട്. അതിന്റെ ദൃക്സാക്ഷിയാണ് ഞാന്‍. തുടർന്നു ചോദ്യം ചെയ്യലിനു വിധേയയാവുന്ന ഒരു കഥാപാത്രം.
പുതിയ പ്രോജക്ടുകള്‍
‘റാഹേല്‍ മകന് കോര’ എന്ന സിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു തിയറ്ററുകളിലെത്തിയത്. ഇതില്‍ ഒരു പഞ്ചായത്ത് ജീവനക്കാരിയുടെ വേഷമാണ്. നായികയെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കഥാപാത്രം. ഏറെ പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന ഒരു വേഷമാണത്. പിന്നെ ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന സിനിമ.
അത് ഡിസംബര്‍ ആദ്യവാരം പുറത്തിറങ്ങും. പിന്നെ ധ്യാന്‍ ശ്രീനിവാസന്റെ ‘ജോയ് ഫുള്‍ എന്ജോയ്’ എന്ന സിനിമയില്‍ ബിജു സോപാനത്തിന്റെ ഭാര്യയുടെ വേഷം. ധ്യാനിന്റെ തന്നെ ‘ഓശാന’ എന്നൊരു സിനിമ ചെയ്തു. ‘സുരഭി സുഹാസിനി’ (സു സു), ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്നീ സിറ്റ്കോമുകള്‍ (സിറ്റ്വേഷൻ കോമഡി ഷോ) ഇപ്പോൾ രണ്ടു ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
കലാരംഗത്തേക്ക്
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് മോണോ ആക്ടും സ്കിറ്റും നാടകവും ഒക്കെ ചെയ്യുമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഉള്‍പ്പെട്ട ടീം യൂണിവേഴ്സിറ്റി തലത്തില്‍ വിജയികളായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് കെപിഎസിയിലേക്കു വിളിക്കുന്നത്. കെപിഎസിയുടെ മൂന്നു നാടകങ്ങള്‍ ചെയ്തു.
2006ല്‍ വിവാഹത്തോടെ കലാരംഗമൊക്കെ വിട്ടു. പിന്നാലെ രണ്ടു കുട്ടികളായി. അതിനു ശേഷം പിജിയും ബിഎഡും ചെയ്തു. പിന്നീട് കായംകുളം എസ്എന്‍ വിദ്യാപീഠത്തില്‍ മലയാളം അധ്യാപികയായി. അങ്ങനെയിരിക്കെയാണ് മകന് ഒരു സീരിയലില്‍ അവസരം ലഭിക്കുന്നത്.
അവിടെ ചെന്നപ്പോള്‍ കുഞ്ഞിനെ എടുത്തുകൊണ്ട് ഓടുന്ന ഒരു ഭിക്ഷക്കാരിയുടെ വേഷമുണ്ടായിരുന്നു. എ.എം. നസീര്‍ സാറായിരുന്നു അതിന്റെ സംവിധായകന്. രശ്മി നാടകം ഒക്കെ ചെയ്തിട്ടുള്ള ആളല്ലേ, ആ വേഷം ചെയ്യൂ എന്നു നസീര്‍ സാര്‍ എന്നോടു പറഞ്ഞു.
ശരീരമാകെ കരിയൊക്കെ തേച്ച സ്ത്രീ കുട്ടിയെ എടുത്ത് ഓടുമ്പോള്‍ കുഞ്ഞ് കരയാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് കുഞ്ഞിന്റെ അമ്മയായ എന്നോടുതന്നെ ആ വേഷം ചെയ്യാന്‍ പറഞ്ഞത്. ഒരു ദിവസം മാത്രം ചെയ്യാനുള്ള ചെറിയൊരു ക്യാരക്ടറായിരുന്നു അത്.
ഷൂട്ട് കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഇഷ്ടമായി. അതോടെ ആ കഥാപാത്രത്തെ അണിയറക്കാര്‍ വലുതാക്കി അഞ്ചു ദിവസം ഷൂട്ട് ചെയ്യാനുള്ള കഥാപാത്രമാക്കി മാറ്റി. അതിനു മുമ്പ് ശ്രീനാരായണ ഗുരു എന്നൊരു സീരിയലില്‍ മകന് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ചെറുപ്പകാലം ചെയ്തിരുന്നു. അതിലും ഡയലോഗ് ഒന്നുമില്ലാത്ത ഭഗവതി എന്നൊരു കഥാപാത്രവും ചെയ്തു.
കോമഡിയിലേക്ക്
സീരിയലൊക്കെ ചെയ്തതോടെ രശ്മി നന്നായിട്ട് അഭിനയിക്കുന്ന ആളാണെന്നും വീട്ടില്‍തന്നെ ഇരുത്തരുത്, അവസരം വന്നാല്‍ വിടണം എന്നൊക്കെ പലരും ഭര്‍ത്താവിനോടു പറഞ്ഞു. ഷെജിം, കിരണ്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം കോമഡി സ്റ്റാര്‍സ് സീസണ് ടുവില്‍ പോകാന്‍ തയാറെടുക്കുന്ന സമയത്താണ് കരുനാഗപ്പള്ളിയിലുള്ള ഒരു സുഹൃത്ത് ഫിറോസ് കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയെപ്പറ്റി പറയുന്നത്.
അവിടെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും കോമഡി എനിക്കു ചെയ്യാന്‍ പറ്റുമെന്നൊന്നും അറിയില്ലായിരുന്നു. എന്നാല്‍, ചെയ്തപ്പോള്‍ എല്ലാവരും നല്ല ചിരി. അവരുടെ പ്രോത്സാഹനം കിട്ടിയതോടെ കോമഡി ട്രാക്കിലേക്കു പതിയെ മാറി.
കോമഡി ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് 2012ലാണ് അനില്‍ നാഗേന്ദ്രയുടെ വസന്തത്തിന്റെ കനല്‍വഴികളിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഇതുവരെ 38 സിനിമകള്‍ ചെയ്തു. 2019ല്‍ മികച്ച കോമഡി സ്കിറ്റിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരവും 2020ല്‍ മികച്ച ഹാസ്യ അഭിനേതാവിനുള്ള മിനിസ്ക്രീൻ പുരസ്കാരവും ലഭിച്ചു.
കുടുംബം
വീട് ആലപ്പുഴ ജില്ലയിലെ മൂന്നാംകുറ്റിയില്‍. ഭര്‍ത്താവ് അനിൽ കുമാര്‍. മകള്‍ കൃഷ്ണപ്രിയ പത്താം ക്ലാസിലും മകന് ശബരീനാഥ് ആറാം ക്ലാസിലും പഠിക്കുന്നു.