സിനിമാ ലോകം ഒരു മായികലോകമാണെന്നാണ് പറയാറുള്ളത്. അവിടെ എത്തപ്പെട്ടശേഷം ജീവിത വിജയം നേടിയവരും ഉയരങ്ങൾ കീഴടക്കിയവരും എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയവരുമെല്ലാമുണ്ട്. സിനിമയിൽ കരിയർ കെട്ടിപ്പെടുക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത് സ്ത്രീകളാണ്. തുടക്കം എത്ര നന്നായാലും ഫീൽഡിൽ നിന്ന് ഔട്ടാക്കാതെ പിടിച്ച് നിൽക്കാൻ കഠിനാധ്വാനവും ഒപ്പം ഭാഗ്യവും ആവശ്യമാണ്. അത്തരത്തിൽ എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച അഭിനേത്രിയാണ് രശ്മിക മന്ദാന.
എട്ട് വർഷത്തെ യാത്ര രശ്മികയ്ക്ക് അതികഠിനമായിരുന്നു. സോഷ്യൽമീഡിയയുടെ തല്ലും തലോടലും രശ്മികയോളം ഏറെ അനുഭവിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് രശ്മിക എന്നാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരത്തിനു കഴിഞ്ഞു. ഇന്നു തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ താര സുന്ദരിമാരിൽ ഒരാൾ കൂടിയാണ് രശ്മിക.
1996 ഏപ്രിൽ 5ന് കർണാടകയിലെ കുടക് ജില്ലയിൽ സുമൻ-മദൻ മന്ദാന ദമ്പതികളുടെ മകളായിട്ടായിരുന്നു നടിയുടെ ജനനം. പിതാവിന് നാട്ടിൽ ഒരു കോഫി എസ്റ്റേറ്റും ഒരു ഫംഗ്ഷൻ ഹാളും ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു വരുമാന മർഗവും. സമ്പത്തിക ബുദ്ധിമുട്ട് പഠന കാലത്ത് രശ്മികയെ ഏറെ ബാധിച്ചിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടിമാരിൽ ഒരാളാണ് രശ്മിക. മോഡലിംഗാണ് രശ്മികയ്ക്കും സിനിമയിലേക്കുള്ള വഴി തെളിച്ചത്.
കന്നട ചിത്രം കിറുക്ക് പാർട്ടിയിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം. സിനിമ വിജയമായതോടെ 2017ൽ രണ്ട് കന്നട സിനിമകൾ കൂടി രശ്മിക ചെയ്തു. പക്ഷെ ഈ രണ്ട് സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് തെലുങ്കിൽ നിന്നുള്ള അവസരങ്ങൾ രശ്മിക സ്വീകരിച്ച് തുടങ്ങിയത്. തെലുങ്കിൽ നടി ചെയ്ത ഗീതാ ഗോവിന്ദം വൻ വിജയമായതോടെ രശ്മികയുടെ തലവര മാറി. പിന്നീട് തമിഴ്, ബോളിവുഡ് തുടങ്ങി വിവിധ സിനിമാ മേഖലകളിൽ നിന്നും തുടരെ തുടരെ സൂപ്പർ താരങ്ങൾക്കൊപ്പം നടിക്ക് നായിക വേഷങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. രശ്മിക ഭാഗമാകുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കോടികളാണ് വാരുന്നത്.
ഇപ്പോഴിതാ രശ്മിക മന്ദാനയുടെ പ്രതിഫലം, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട് ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ടാണ് ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് രശ്മിക ഇന്ന്. ഇരുപത്തിയെട്ടുകാരിയായ രശ്മിക സിനിമയിലെത്തിയട്ട് എട്ടു വർഷമായി. ഇതുവരെ സമ്പാദിച്ചത് 66 കോടി രൂപയുടെ ആസ്തിയാണെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഓരോ ചിത്രത്തിനും നടി വാങ്ങുന്ന പ്രതിഫലം നാല് മുതൽ എട്ട് കോടി രൂപ വരെയാണത്രെ. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിലൂടെയും ബ്രാൻഡിംഗിലൂടെയും മറ്റ് ബിസിനസുകളിലൂടെയും കോടികൾ താരം സമ്പാദിക്കുന്നുണ്ട്. ആഢംബര കാറുകൾക്കു പുറമേ ഹൈദരാബാദ്, മുംബൈ, ബംഗളൂരു, ഗോവ, കൂർഗ് എന്നിവിടങ്ങളിൽ ആഡംബര വസതികളും താരത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.