നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് പിന്നാലെ പോലീസിനോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.
ഡല്‍ഹി പോലീസിനോട് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ശരിയായ ഉത്തരവാദികളെ പിടികൂടിയതിന് നന്ദി. കൂടാതെ എന്നെ പിന്തുണക്കുകയും ഒപ്പം നില്‍ക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത എല്ലാവരോടും സ്നേഹം. പിന്നെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും… ഞാന്‍ കരുതുന്നത് ഇതൊരു ഓര്‍മപ്പെടുത്തലായാണ്. നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം ഉപയോഗിക്കുകയോ മോര്‍ഫ് ചെയ്യുകയോ ചെയ്താല്‍, നിങ്ങളെ പിന്തുണയ്ക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ആളുകള്‍ നിങ്ങളുടെ ചുറ്റും ഉണ്ടെന്നു രശ്മിക പറഞ്ഞു.
ഡിജിറ്റൽ മാർക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനാണ് അറസ്റ്റിലായത്. രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചശേഷമാണ് പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം.
ആന്ധ്ര ഗുണ്ടൂരിലെ പെടനാണ്ടിപ്പാട് സ്വദേശിയാണ് 24 കാരനായ നവീന്‍. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ രശ്മിക മന്ദാനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയതെന്നാണ് ഇയാൾ പോലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയാറാക്കിയത്.
ഈ വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും ആരൊക്കെയോ നിർമിച്ചതായാണ് കണ്ടെത്തൽ. രശ്മിക സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.