കണ്ണൂർ: പോലീസ് അസോസിയേഷൻ ജില്ലാ പഠനക്യാന്പിനിടെ റിസോർട്ടിന്റെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്ന് 58 പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. റിസോർട്ട് ഉടമ ഡോ. ജിതേന്ദ്രനാഥിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അശാസ്ത്രീയമായ രീതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം നിർമിച്ചതിനെതിരേയാണ് കേസ്. കൂടാതെ കെട്ടിടം പണിത കോൺട്രാക്ടർക്കെതിരേ പോലീസ് കേസെടുത്തു. ഓടും തെങ്ങും പഴയ മരപ്പട്ടികയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
30 വർഷം മുന്പ് പഞ്ചായത്ത് അനുവദിച്ച കെട്ടിട നന്പറിൽ തന്നെ റിസോർട്ട് എന്ന പേരിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് കോർപറേഷൻ പറയുന്നത്. റിസോർട്ടിന് പ്രത്യേകം അനുമതി വാങ്ങിയിട്ടില്ല. പ്രധാന കെട്ടിടത്തോടനുബന്ധിച്ച് ചേർന്ന് അനുമതിയില്ലാതെ നിർമിച്ച ഹാളാണ് തകർന്നു വീണത്.
അനുമതിയില്ലാതെ നിർമാണങ്ങൾ നടത്തി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ മേയർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പരിക്കേറ്റ പോലീസുകാർ സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ മോടി കൂട്ടിയല്ലാതെ ഉറപ്പു പരിശോധന നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ മാസം മിക്ക ദിവസങ്ങളിലും അപകടം നടന്ന ഹാളിൽ പരിപാടികൾ നടന്നതായും പ്രദേശവാസികൾ പറഞ്ഞു. ബീച്ചിനോട് അഭിമുഖമായി പണിതതിനാൽ വിദേശ ടൂറിസ്റ്റുകളും ധാരാളം ഇവിടെ എത്താറുണ്ട്.