കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിൽ രണ്ടു വളർത്തു നായകളെ അടുക്കളയിൽ അടച്ചിട്ട് ഗ്യാസ് തുറന്നിട്ട് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി.
ഭാനൂസ് ബീച്ച് എൻക്ലേവ് എന്ന റിസോർട്ടിലാണ് സംഭവം. ആറ് വർഷമായി ഇവിടെ ജോലി ചെയ്തു വരുന്ന പ്രേമനെയാണ് (67) സമീപത്തെ വീട്ടിന്റെ കിണറിലെ കപ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രേമന്റെ ശരീരത്തിന്റെ പിറക് ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.അടുക്കളിയിൽ അടച്ചിട്ട് തീയിട്ടതിനെ തുടർന്ന് വളർത്തുനായകൾ പൊള്ളലേറ്റു ചത്തു. അടുക്കള പൂർണമായും കത്തിനശിച്ച നിലയിലാണ്.
തീ ഒന്നാമത്തെ നിലയിലേക്കും പടർന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നും റിസോർട്ടിലെ താമസക്കാർ പുറത്തു പോയ സമയത്തായിരുന്നു സംഭവം.
ഇയാൾ നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിയതായും പറയുന്നു. വിവരമറിഞ്ഞ റിസോർട്ട് ഉടമ ഡോ. വിജിൻ ഫയർ സർവീസിൽ വിവരമറിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തുന്പോഴേക്കും അടുക്കള ഭാഗത്ത് തീപിടിച്ചിരുന്നു.
ഗ്യാസ് തുറന്നിട്ട് തീയിട്ടപ്പോഴായിരിക്കും പ്രേമന് പൊള്ളലേറ്റതെന്ന് കരുതുന്നു. ആറു വർഷത്തോളമായി ഇവിടെ ജോലി ചെയ്തു വരുന്ന ഇയാൾ ഈ മാസം കൂടിയേ താൻ ജോലിക്കുണ്ടാവൂ എന്ന് പറഞ്ഞിരുന്നു.
ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. പ്രേമന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമാർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.