കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആഘോഷരാവ് ഒരുക്കി ഇടുക്കിയിലെ റിസോര്‍ട്ട് ! നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത് മുന്നൂറിലേറെ ആളുകള്‍; അരങ്ങ് കൊഴുപ്പിക്കാന്‍ ബെല്ലി ഡാന്‍സും…

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആഘോഷരാവ് സംഘടിപ്പിച്ച് ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ട്.

നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും സംഘടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തന്‍പാറ പോലീസ് കേസെടുത്തത്.

ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28-ന് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്.

രാത്രി എട്ടിനു തുടങ്ങി പരിപാടി പുലര്‍ച്ചെ രണ്ടു വരെ നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ആഘോഷരാവ് ഒരുക്കിയത്. പരിപാടിയില്‍ മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്തതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ഒരേസമയം 60 മുതല്‍ നൂറു പേര്‍വരെ ഇതില്‍ ഒത്തുചേര്‍ന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ചതായാണ് വിവരം.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. എന്നിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തില്ല. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കേസെടുത്തത്.

പാര്‍ട്ടി നടന്ന ദിവസം റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ പോലീസെത്തിയതായും വിവരമുണ്ട്. എന്നാല്‍ ഉന്നത ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.

Related posts

Leave a Comment