വൈപ്പിൻ: തമിഴ്നാട്ടിലെയും കേരളത്തിലേയും ബീച്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മുനന്പം പോലീസിന്റെ പിടിയിലായി. തഞ്ചാവൂർ ഒരത്തനാട് തിരുവോണം വില്ലേജിൽ ചിന്നയ്യയുടെ മകൻ ആനന്ദരാജ് (35) ആണ് പിടിയിലായത്.
2017 ജൂലൈയിൽ ചെറായി ബീച്ചിലെ രണ്ട് റിസോർട്ടുകളിൽനിന്നു 17 പവന്റെ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ മുനന്പം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം വഴി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
റിസോർട്ടിലെ താമസക്കാർ കിടക്കുന്ന സമയത്ത് മേശപ്പുറത്ത് മറ്റും വയ്ക്കുന്ന പണവും ആഭരണങ്ങളുമാണ് ഇയാൾ മോഷണം നടത്തുന്നത്. മുനന്പം പോലീസിന്റെ അന്വേഷണത്തിൽ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ വ്യക്തമായിരുന്നില്ല.
ഇതിനിടയിലാണ് രണ്ടാഴ്ചക്ക് ശേഷം സമാനമായ രീതിയിൽ വർക്കല ബീച്ചിൽ ഒരു മോഷണ ശ്രമം നടന്നത്. അന്വേഷണ സംഘം വർക്കലയിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടുമോഷണവും നടത്തിയത് ഒരാൾ തന്നെ എന്ന് മനസിലായി.
പിന്നീട് നൂറോളം ലോഡ്ജുകൾ കയറി ഇറങ്ങി നടത്തിയ അന്വേഷണത്തിൽനിന്നു പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഒരു ആധാർ കാർഡ് ലഭിച്ചു. ഇതിൽ നിന്നാണ് ഇയാൾ തമിഴ് നാട്ട് കാരനാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് എസ്സിപിഒ മാരായ സിജു, ഗിരീഷ് എന്നിവർ ചെന്നൈയിൽ എത്തി അന്വേഷണം തുടങ്ങി. ഒരു വർഷം മുന്പ് രാജമംഗലം പോലീസ് ഇയാളെ മോഷണത്തിനു അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിച്ചു.
പിന്നീട് രാജംമംഗലം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാൾ തഞ്ചാവൂരുകാരനാണെന്നും ആധാർകാർഡിലേത് വ്യാജവിലാസമാണെന്നും അറിയുന്നത്. മാത്രമല്ല 10 ഓളം മോഷണക്കേസിൽ പ്രതിയുമാണെന്ന് വിവരം ലഭിച്ചു. തുടർന്ന് തഞ്ചാവൂരിലെ വീട്ടിലെത്തിയപ്പോൾ ആൾ സ്ഥലത്തില്ലെന്ന് അറിയിച്ചു.
അടുത്ത പോലീസ് സ്റ്റേഷനിലും വിവരം ധരിപ്പിച്ചു. ഇതിനുശേഷം കഴിഞ്ഞ ആഴ്ച പ്രതി വീട്ടിലെത്തി ഒരു വിവാഹ വീട്ടിൽവച്ച് തർക്കമുണ്ടാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം എസ്ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനായി തഞ്ചാവൂർക്ക് തിരിച്ചിട്ടുണ്ട്.