നവാസ് മേത്തർ
തലശേരി: വർഷങ്ങൾക്കു മുമ്പ് ആളിക്കത്തി കെട്ടടങ്ങിയ സിപിഎമ്മിലെ റിസോർട്ട് വിവാദം വീണ്ടും ആളിക്കത്തിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം തിരിച്ചറിഞ്ഞ് പാർട്ടി.
ഒരേസമയം ഉന്നതരായ മൂന്ന് നേതാക്കളെ തമ്മിൽ തെറ്റിപ്പിക്കാൻ പാർട്ടിയിലെതന്നെ ചില കേന്ദ്രങ്ങൾ നടത്തിയ ചാണക്യതന്ത്രത്തെ ആസൂത്രിത നീക്കത്തിലൂടെ പാർട്ടിയിലെ ഉന്നത നേതൃത്വം തന്നെ പൊളിച്ചടക്കി.
ഒരു വെടിക്ക് മൂന്ന് പക്ഷിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവർ ലക്ഷ്യമിട്ടത്. ജയരാജന്മാരെയും പാർട്ടി സെക്രട്ടറിയെയും സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു റിസോർട്ട് വിവാദത്തിൽ വന്ന വാർത്താപ്രളയം.
ഇ.പി. ജയരാജൻ ഇനി പാർട്ടി കമ്മറ്റികളിലേക്ക് വരില്ലെന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവരുടെ മനസിലിരിപ്പ്. അതിനെ തകർത്തെറിഞ്ഞു കൊണ്ട് പാർട്ടി സെക്രട്ടേറിയറ്റിൽ ഇ.പി. പങ്കെടുത്തത് ചാണക്യതന്ത്രം മെനഞ്ഞവരെ ഞെട്ടിച്ചു.
വിവാദം വന്ന വഴി കണ്ടെത്തി
റിസോർട്ട് വിവാദവാർത്ത മാധ്യമങ്ങളിലേക്ക് വീണ്ടും എത്തിച്ച വഴി പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾ കണ്ടെത്തിക്കഴിഞ്ഞു.
ഈ വഴി ഒരുക്കിയവരെയും ഒത്താശ ചെയ്തവരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പാർട്ടിക്ക് ലഭിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. ഒന്നാം നിരയിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചിലർ നടത്തിയ നീക്കം നേതാക്കൾക്കിടയിലും സജീവ ചർച്ചയാണ്.
പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഇ.പി നടത്തിയ പ്രതികരണങ്ങൾ അദ്ദേഹം രാഷട്രീയത്തിൽനിന്നു വിരമിക്കുന്നുവെന്ന സൂചന സൃഷ്ടിച്ചിരുന്നു.
അദ്ദേഹവും അത്തരത്തിൽ ഒരു ആലോചന നടത്തുകയും ചെയ്തിരുന്നു.എന്നാൽ, റിസോർട്ട് വിവാദം വീണ്ടും തല പൊക്കിയതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനാണ് ഇ.പിയുടെ തീരുമാനമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ രാഷ്ട്രദീപികയോട് പറഞ്ഞു.
റിസോർട്ട് വിവാദം പാർട്ടി സെക്രട്ടേറിയറ്റിൽ സജീവ ചർച്ചയാകുമെന്നാണ് ഇ.പി വിരുദ്ധർ കരുതിയിരുന്നത്. എന്നാൽ, പാർട്ടി കമ്മറ്റിയിൽ റിസോർട്ട് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് കണ്ടത്.
പാർട്ടിയെ പൊതുസമൂഹത്തിൽ ഇടിച്ചുതാഴ്ത്താൻ വഴിയൊരിക്കയവരെ എങ്ങനെ നേതൃത്വം വരുംദിനങ്ങളിൽ നോക്കിക്കാണുമെന്ന് കണ്ടറിയറിയേൺ കാര്യമാണ്. പണി വരുന്നുണ്ട് അവറാച്ചാ… എന്നാണ് ഇതുസംബന്ധിച്ച് സിപിഎമ്മിലെ ഒരു നേതാവിന്റെ സ്വകാര്യ പ്രതികരണം.