കോഴിക്കോട് : റിസോഴ്സ് അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പൊതുവിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളയിലൂടെ 2019-20 അധ്യയനവര്‍ഷത്തേക്ക് നിലവിലുള്ള റിസോഴ്സ് അധ്യാപകരുടെ കരാര്‍ പുതുക്കിയുള്ള ഉത്തരവിലാണ് ശമ്പളം വെട്ടിച്ചുരുക്കിയതായി സൂചിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പു വരെ സെക്കന്‍ഡറി വിഭാഗത്തില്‍ 28,815 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ ഉത്തരവ് പ്രകാരം 25,000 രൂപയാക്കി ചുരുക്കി.
കഴിഞ്ഞ വര്‍ഷം 28,815 രൂപയില്‍ നിന്ന് 27,500 ആക്കി ചുരുക്കിയിരുന്നു. ഈ വര്‍ഷം വീണ്ടും ശമ്പളം വെട്ടിക്കുറച്ചുവെന്നാണ് അധ്യാപകര്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പത്തെ ശമ്പളത്തേക്കാള്‍ 3815 രൂപയാണ് ഒരാളില്‍ നിന്ന് സര്‍ക്കാര്‍ ഇത്തവണ വെട്ടിച്ചുരുക്കിയത്. അതേസമയം, മറ്റു അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുമ്പോഴാണ് റിസോഴ്സ് അധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതെന്നാണുയരുന്ന ആരോപണം.
10 മാസത്തേക്കായിരുന്നു കഴിഞ്ഞ വര്‍ഷം വരെ കരാര്‍ നല്‍കിയിരുന്നത്. അതിനാല്‍ 28,815 രൂപയായിരുന്നു രണ്ടുവര്‍ഷം മുമ്പ് ശന്പളം നല്‍കിയത്. എന്നാല്‍ ഇത്തവണ കരാര്‍ കാലാവധി 12 മാസത്തേക്കാണ് നീട്ടിയതായി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മാര്‍ച്ചില്‍ തന്നെ കാലാവധി അവസാനിക്കുമെന്നാണുള്ളത്.
പ്രഖ്യാപിത അവധി ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രത്യേകമായി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. പത്തു മാസത്തിനിടയില്‍ 15 കാഷ്വല്‍ ലീവിന് അര്‍ഹതയുണ്ടാവുമെന്ന് മാത്രമാണുള്ളത്. മറ്റ് അധ്യാപകര്‍ക്ക് അപ്രഖ്യാപിത അവധി ദിവസങ്ങളില്‍ സ്കൂളില്‍ ഹാജരാകേണ്ടതില്ല. എന്നാല്‍ റിസോഴ്സ് അധ്യാപകര്‍ അപ്രഖ്യാപിത അവധി ദിവസങ്ങളിലും ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇത് അനീതിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.
സമഗ്ര ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍എംഎസ്) ഒന്നിച്ച് എസ്എസ്കെ ആയതോടെയാണ് വേതന വ്യവസ്ഥയും സേവനകാലാവധിയും വെട്ടിച്ചുരുക്കിയതെന്നാണ് പറയുന്നത്. പൊതുവിദ്യാലയങ്ങളില്‍ ഒന്നരലക്ഷത്തോളം ഭിന്നശേഷി വിദ്യാര്‍ഥികളുണ്ട്. ഇവര്‍ക്കായാണ് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നത്. ണ്ടായിരത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.റിസോഴ്സ് അധ്യാപകരുടെ സേവനം ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് കൂടി നീട്ടിയിട്ടുണ്ടെന്നാണ് ഐഇഡിസി അധികൃതര്‍ പറയുന്നത്. അതേസമയം കരാര്‍ അധ്യയന വാര്ഷാടിസ്ഥാനത്തിലായതിനാലാണ് മാര്‍ച്ച് 31 വരെ എന്ന് രേഖപ്പെടുത്തിയത്. തത്വത്തില്‍ ഇവരുടെ കാലാവധി രണ്ടു മാസം കൂടി നീട്ടി 12 മാസമാക്കുകയാണ് ചെയ്തത്.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് ഒരാള്‍ക്ക് ഒരു വർഷത്തേക്ക് അനുവദിക്കുന്നത്. ശമ്പളവും യാത്രാ ചെലവുമുള്‍പ്പെടെ നല്‍കുന്നതിനാണിത്. നേരത്തേ 10 മാസത്തേക്കായിരുന്നു ഈ തുക അനുവദിച്ചത്. തുക വര്‍ധിപ്പിക്കാത്ത സാഹചര്യത്തിലും ഭിന്നശേഷി കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസം കൂടി ക്ലാസുകള്‍ വേണ്ടതിനാലുമാണ് ശമ്പളം കുറച്ച് കാലാവധി നീട്ടി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്.