ഓൺലൈൻ ഫുഡ് ഡെലിവറി കന്പനികളുടെ ഭക്ഷണവിതരണത്തിലെ പകൽക്കൊള്ള ഉദാഹരണസഹിതം പുറത്തുവിട്ടിരിക്കുകയാണ് മുംബൈയിലെ മാധ്യമപ്രവർത്തകൻ അഭിഷേക് കോത്താരി. മുംബൈയിലെ ജനപ്രിയ റസ്റ്ററന്റിലെ ബില്ലും അതേ ഹോട്ടലിലെ വിഭവങ്ങൾക്ക് ഓൺലൈൻ കന്പനികൾ ഈടാക്കുന്ന വിലയുടെ സ്ക്രീൻഷോട്ടുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഹോട്ടലിലെ വിലയും സ്വിഗ്ഗിയും സൊമാറ്റോയും മറ്റും ഈടാക്കുന്ന വിലയും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടാകൂവെന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു.
മുംബൈ വിലെപാർലെയിലെ റാം മന്ദിർ റോഡിൽ പ്രവർത്തിക്കുന്ന ഉഡുപ്പി2മുംബൈ എന്ന ഹോട്ടലിലാണ് അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയത്. തട്ടേ ഇഡലി- (രണ്ട് എണ്ണം120 രൂപ), ഉഴുന്നുവട (നാല് എണ്ണം 70 രൂപ), ഒനിയൻ ഊത്തപ്പം (80 രൂപ), ഉപ്പുമാവ് (40 രൂപ), ഹാഫ് ചായ (10 രൂപ)യുമാണു കഴിച്ചത്. ആകെ ബിൽ 320 രൂപ മാത്രം.
ഇതേ വിഭവങ്ങൾ ഓൺലൈനിൽ ലഭിക്കാൻ കന്പനികൾ ഈടാക്കുന്നത് 740 രൂപ! ചായ ഒഴികെയുള്ള വിലയാണിത്. അതായത് 430 രൂപയുടെ കൊള്ളയാണ് ഇവിടെ നടക്കുന്നത്. റസ്റ്ററന്റിൽ 60 രൂപ വിലയുള്ള തട്ടേ ഇഡ്ഡലി 161 രൂപയ്ക്കാണു സൊമാറ്റോ വിൽക്കുന്നത്. 40 രൂപ വിലയുള്ള ഉപ്പുമാവിന് 120 രൂപ.
സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ അധികൃതർ ഉപഭോക്താവിനു നൽകിയ മറുപടി വലിയ “തമാശ’യായി. ഭക്ഷണത്തിന്റെ വില നിയന്ത്രിക്കുന്നത് ഹോട്ടൽ നടത്തിപ്പുകാരാണെന്നാണ് സൊമാറ്റോ പറഞ്ഞത്. ഇതിനെതിരേ വ്യാപക ട്രോളുകളും ഇറങ്ങി.