ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾക്ക് ഒരുകാലത്തും പഞ്ഞമില്ല. രുചിയില്ലെന്നും അളവ് കുറവാണെന്നും വില കൂടുതലാണെന്നും തുടങ്ങി വൃത്തിയില്ലെന്നു വരെയുള്ള പരാതികൾ ഉയരാറുണ്ട്.
പക്ഷേ, പരാതികളൊക്കെ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞോ സ്വയം മനസിൽ പറഞ്ഞോ അവസാനിപ്പിക്കാറാണു പതിവ്. എന്നാൽ ബംഗളൂരുവിലെ ഉഡുപ്പി ഗാർഡൻ റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച താഹറ എന്ന 56കാരി പരാതി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. റസ്റ്ററന്റിന് 7,000 രൂപ പിഴശിക്ഷയും കിട്ടി.
താഹറ കുടുംബത്തോടൊപ്പം ഹാസനിലേക്ക് പോകുമ്പോഴാണ് പ്രഭാതഭക്ഷണം കഴിക്കാനായി റസ്റ്ററന്റിൽ കയറിയത്. നല്ല ചൂടുള്ള ഭക്ഷണം പ്രതീക്ഷിച്ച അവർക്കു ലഭിച്ചത് തണുത്തു മരവിച്ച ഭക്ഷണമായിരുന്നു. താഹറ ഇതേക്കുറിച്ച് പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റസ്റ്ററന്റ് അധികൃതർ എപ്പോഴും കേൾക്കുന്ന പരാതി എന്ന മട്ടിൽ അവരുടെ ആവശ്യം അവഗണിച്ചു.
ഇതുകാരണം താഹറയ്ക്കു ഭക്ഷണം കഴിക്കാതെ അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള തനിക്ക് സമയത്തിനു ഭക്ഷണം കഴിക്കാനോ, അതിനുശേഷം കഴിക്കേണ്ട ഗുളിക കഴിക്കാനോ സാധിച്ചില്ലെന്നു കൂടി ചൂണ്ടിക്കാട്ടിയാണു താഹറ പരാതി നൽകിയത്. പരാതി പരിഗണിച്ച കമ്മീഷൻ റസ്റ്ററന്റിന് കോടതി ചെലവുകൾ 2,000 രൂപയടക്കം 7,000 രൂപ പിഴ ചുമത്തുകയായിരുന്നു.