ഭക്ഷണശാലയിലെത്തുന്നവരെ വിസ്മയിപ്പിക്കുവാൻ ഉടമകൾ വ്യത്യസ്തമായ പല വിദ്യകളും പരീക്ഷിക്കാറുണ്ട്. അത്തരമൊരു വ്യത്യസ്തതയിലൂടെ ഏറെ ചർച്ചാ വിഷയമാകുകയാണ് വിയറ്റ്നാമിലെ ഹോ ചി മിന്നാ സിറ്റിയിൽ പ്രവർത്തിക്കുന്ന അമിക്സ് കോഫി എന്ന സ്ഥാപനം. കാരണം ഇവിടെ എത്തുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അതിസുന്ദരന്മാരായ അലങ്കാരമത്സ്യങ്ങളാണ്.
രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഈ ഭക്ഷണശാലയിലെ തറയിൽ വെള്ളം നിറച്ച് അലങ്കാരമത്സ്യങ്ങളെ തുറന്നുവിട്ടിരിക്കുകയാണ്. ആളുകൾ നടന്നു പോകുമ്പോൾ കാൽപാദങ്ങളിൽ മുട്ടിയുരുമി മത്സ്യങ്ങൾ കടന്നുപോകും. രണ്ടു പാളി ടാർപോളിൻ നിലത്ത് വിരിച്ച് അതിനുമുകളിലാണ് വെള്ളം നിറച്ച് മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. ഓരോ നിലയിലും ഇരുപത് സ്ക്വയർ മീറ്റർ നീളത്തിൽ വിരിച്ചിരിക്കുന്ന ടാർപോളിനിൽ 25 സെന്റിമീറ്റർ താഴ്ച്ചയിലാണ് വെള്ളം നിറച്ചിരിക്കുന്നത്.
വലുതും ചെറുതുമായ നൂറുകണക്കിന് അലങ്കാര മത്സ്യങ്ങളെയാണ് ഇതിനുള്ളിൽ നിറച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവർ ചെരുപ്പുകൾ അഴിച്ചു വച്ചുവേണം വെള്ളത്തിൽ ചവിട്ടുവാൻ. വെള്ളത്തിൽ വച്ചിരിക്കുന്ന കസേരയിലിരുന്ന് മീനുകളുടെ സൗന്ദര്യം ആസ്വദിച്ച് ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിക്കാം.
ഇരുപത്തി മൂന്നു വയസുകാരിയായ ഗുയെൻ ഡുവോക്കിന്റെ മനസിൽ തോന്നിയ ആശയമാണ് ഈ വ്യത്യസ്തതയ്കു പിന്നിൽ. എന്നാൽ ഇത് പ്രാവർത്തികമാക്കുക എന്നത് ഇവരെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല.
ഏകദേശം 10,000 ലിറ്റർ വെള്ളമാണ് രണ്ടുനിലകളിലുമായി നിറച്ചിരിക്കുന്നത്. മാത്രമല്ല ഈ വെള്ളം വൃത്തിയായി സൂക്ഷിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ചില മാതാപിതാക്കൾ അവർ കൂടെ കൊണ്ടുവരുന്ന കുട്ടികളെ മീൻ പിടിക്കുവാൻ അനുവദിക്കാറുണ്ട് എന്നാൽ അത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കുവാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ഗുയെൻ പറഞ്ഞു. മാത്രമല്ല ഇത്തരം പ്രവർത്തി ചെയ്യുന്നവരോട് സ്ഥാപനത്തിൽ നിന്നും പോകുവാൻ തങ്ങൾ ആവശ്യപ്പെടുമെന്നും ഇവർ വ്യക്തമാക്കി.
അമിക്സ് കോഫിയുടെ ആദ്യ നിലയിൽ ചെറിയ മീനുകളെയാണ് നിറച്ചിരിക്കുന്നത്. എന്നാൽ രണ്ടാം നിലയിൽ നിറച്ചിരിക്കുന്നത് ഏകദേശം 300 ഗ്രാം ഭാരമുള്ള മീനുകളെയാണെന്ന് ഗുയെൻ വ്യക്തമാക്കി. ഈ ഭക്ഷണശാലയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അഭിനന്ദനങ്ങൾക്കു പുറമെ വിമർശന ശരങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്. മീനുകളോട് കാണിക്കുന്ന ക്രൂരതയാണിതെന്നാണ് കുറേയധികം ആളുകൾ പറയുന്നത്.
എങ്കിൽ പോലും അമിക്സ് കോഫിയിലെത്തുന്നവരുടെ എണ്ണം ഇതുവരെ കുറഞ്ഞിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ധാരാളമാളുകളാണ് ദിനംപ്രതി അമിക്സ് കോഫിയിലേക്ക് ഒഴുകിയെത്തുന്നത്.