ചരക്കു സേവന നികുതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അമിതവില ഈടാക്കുന്നു എന്ന പരാതി വ്യാപകമാകുകയാണ്. ഹോട്ടലുകളിലെ ഭക്ഷണവില അമിതമായി വർധിപ്പിച്ചതു സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെ യോഗം തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.
ജിഎസ്ടി നിരക്കുകൾ പല വസ്തുക്കൾക്കും പഴയ നിരക്കുകളേക്കാൾ കുറവാണ്. എന്നാൽ, പഴയ നികുതി ഉൾപ്പെടെയുള്ള വിലയ്ക്കുമേൽ അധിക ജിഎസ്ടികൂടി ഈടാക്കുകയാണ്. ഹോട്ടലുകളും റസ്റ്ററന്റുകളും ഈ നിലയ്ക്കാണ് ഇപ്പോൾ വില ഈടാക്കുന്നത്. ഈ പ്രവണത ഇതര വ്യാപാരമേഖലകളിലേക്കും വ്യാപിച്ചേക്കാം. ഇതു വിലക്കയറ്റത്തിനു വഴിതെളിക്കും.
അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി 95 സ്ഥാപനങ്ങൾക്കു പിഴ ചുമത്തിയിട്ടുണ്ട്. എംആർപിക്കു മുകളിൽ വില ഈടാക്കരുതെന്ന് സർക്കാർ കർശന നിർദേശവും നൽകിയിട്ടുണ്ട്. അങ്ങനെ ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്റെ ഫേസ്ബുക്ക് പേജ് ആയ www.facebook. com/postbillshere ലേക്ക് അപ്ലോഡ് ചെയ്താൽ പരിശോധന ഉണ്ടാകുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ നികുതി കുറഞ്ഞ വസ്തുക്കളും നികുതിയിൽ വന്ന കുറവും രേഖപ്പെടുത്തിയ പട്ടിക ധനവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.എന്നാൽ ഹോട്ടലുകളും മറ്റും ഇപ്പോഴും നികുതി ഉൾപ്പെടെയുള്ള പഴയ വിലയോട് ജിഎസ്ടി കൂടി ചുമത്തി അധികവില ഈടാക്കിവരികയാണ്.