ബിജോ ടോമി
കൊച്ചി: കോഴ്സ് കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ജോലിക്കോ തുടർപഠനത്തിനോ അപേക്ഷിക്കാവാതെ ഒരു കൂട്ടം വിദ്യാർഥികൾ വിഷമവൃത്തത്തിൽ. എംജി സർവകലാശാലയുടെ കീഴിൽ 2016-17 ബാച്ചിൽ, ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബിഎൽഐസി) കോഴ്സിന് പ്രവേശനം നേടിയവരെയാണ് സർവകലാശാല വലയ്ക്കുന്നത്.
രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്സാണിത്. സാധാരണ ഗതിയിൽ ഒക്ടോബറിൽ കോഴ്സ് അവസാനിച്ച് മാർച്ചോടെ അവസാന സെമസ്റ്ററിന്റെയും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ബാച്ചിന്റെ ആദ്യ സെമസ്റ്ററിന്റെ ഫലം പ്രസിദ്ധീകരിച്ചത് തന്നെ 2018 ഏപ്രിലിലായിരുന്നു.
വിദ്യാർഥികൾക്ക് ഇന്റേണൽ മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട ചില പാകപ്പിഴകളായിരുന്നു ഒന്നാം സെമസ്റ്ററിന്റെ ഫലം വൈകാൻ കാരണം. അവസാന സെമസ്റ്ററിന്റെ പരീക്ഷ 2017 ഒക്ടോബറിൽ പൂർത്തിയായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ഇതിന്റെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ഇനിയെന്തു ചെയ്യുമെന്ന് അറിയാതെ വലിയ ആശയക്കുഴപ്പത്തിലാണ് വിദ്യാർഥികൾ.
സർവകലാശാല അധികൃതരുമായി പലപ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഉടൻ ഫലം പ്രസിദ്ധീകരിക്കുമെന്ന മറുപടിയാണ് ഓരോ പ്രാവശ്യവും ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. ഈ ബാച്ചിന്റെ പരീക്ഷാ ഫലം വൈകുന്നത് അടുത്തയിടെ പഠനം പൂർത്തിയാക്കിയ 2017-18 ബാച്ചിലെയും ഇപ്പോൾ പ്രവേശനം നേടിയ 2018 – 2019 ബാച്ചിലെയും കുട്ടികളുടെ ഭാവിയേയും ബാധിക്കുമോയെന്ന ആശങ്ക അധ്യാപകരും പങ്കുവയ്ക്കുന്നു.
എംജി സർവകലാശാലയുടെ കീഴിൽ സർവകലാശാല കേന്ദ്രത്തിൽ ഉൾപ്പെടെ അഞ്ചു കോളജുകളിലാണ് ഈ കോഴ്സുള്ളത്. ഇതിൽ രണ്ടു കോളജുകൾ ഓട്ടോണമസ് ആണ്. ഓട്ടോണമസ് കോളജിൽ പരീക്ഷാ നടത്തിപ്പിനും മൂല്യനിർണയത്തിനും അതാത് കോളജുകളുടെ ചുമതലയിൽ ആയതിനാൽ ഈ രണ്ടു കോളജുകളിലും പരീക്ഷാഫലം നേരത്തെ തന്നെ വന്നു.
ബാക്കിയുള്ള മൂന്നു കോളജുകളിലെ 65 ഓളം വിദ്യാർഥികളാണ് വലഞ്ഞത്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ഇവർക്ക് ഈ വർഷം പിജിക്ക് അഡ്മിഷന് എടുക്കാൻ സാധിച്ചില്ല. കേരളത്തിലെ മറ്റു സർവകലാശാലകളിൽ ഇതിന്റെ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉള്ള കോളജുകളിലെല്ലാം ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു.
എംജി സർവകലാശാലയുടെ കീഴിൽ ഇതിന്റെ പിജി കോഴ്സ് ഉള്ള രണ്ട് ഓട്ടോണമസ് കോളജുകളിലും ഫലം നേരത്തെ പ്രസിദ്ധീകരിച്ചതിനാൽ ക്ലാസുകൾ തുടങ്ങി. ഇനി എംജി സർവകലാശാല കേന്ദ്രത്തിൽ മാത്രമാണ് പിജി ക്ലാസുകൾ ആരംഭിക്കാനുള്ളത്.
ഇവിടെ നാമമാത്രമായ സീറ്റുകളാണ് ഉള്ളത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർ പഠനത്തിന് അപേക്ഷിക്കാൻ കഴിയാതെ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലടക്കം കരാർ വ്യവസ്ഥയിൽ ജോലി ഒഴിവുകൾ ഉണ്ടെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇനിയും വൈകിയാൽ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഇവർ.