കാസര്‍ഗോഡ്: മരിച്ചുപോയെന്നു കരുതിയ ആള് തിരിച്ചുവരുന്ന സംഭവങ്ങള്‍ നമ്മള് ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ മരിച്ചു പോയെന്നു കരുതി മൃതദേഹം സംസ്ക്കരിക്കാനൊരുങ്ങുമ്പോഴാണ് മരിച്ചയാള്‍ ഉയിര്ത്തേഴുന്നേല്ക്കുന്നത്. കാസര്‍ഗോട്ട് സ്വദേശി ലക്ഷ്മണനാണ് സ്വന്തം ശവസംസ്കാരച്ചടങ്ങുകള്‍ നേരിട്ടു കാണേണ്ടിവന്നത്. ഒരു ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ച ആ രസകരമായ സംഭവം ഇങ്ങനെയാണ്. ഗുരുതരമായി പനിപിടിച്ചാണ് നമ്മുടെ കഥാനായകനെ ആശുപത്രിയിലാക്കിയത്. പനി കുറഞ്ഞപ്പോള്‍ ഇവിടെ നിന്നും കൂട്ടുകാര്‍ എത്തി കൊണ്ടു പോന്നു. പോരുന്ന വഴിയിലാണ് ഒന്നു മിനുങ്ങണമെന്ന് എല്ലാവര്ക്കും തോന്നിയത്. വഴിയില്‍ കണ്ട ബാറില്‍ കയറി മൂക്കറ്റം കുടിച്ച് എല്ലാവരും പാമ്പ് ആകുകയും ചെയ്തു. മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ രോഗിയായിരുന്ന ലക്ഷ്മണന് ബോധം കെട്ട് വീഴുകയായിരുന്നു.
തുടര്‍ന്നായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൂടെ ഉണ്ടായിരുന്ന ആള് ലക്ഷ്മണന് മരിച്ചുവെന്നും ആംബുലന്‍സ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണില്‍ അറിയിച്ചത്. ബന്ധുക്കള്‍ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. ഇതിനിടെ പിണങ്ങി സ്വന്തം വീട്ടിലായിരുന്ന ഭാര്യയും മക്കളും എത്തി. ഭര്‍ത്താവ് മരണമടഞ്ഞ വിഷമത്തില്‍ ഭാര്യയും അലമുറയിട്ടു കരഞ്ഞു. ഇതോടെ സംസ്കാരച്ചടങ്ങിനിടെ ലക്ഷ്മണന് കണ്ണുതുറക്കുകയായിരുന്നു. കാസര്‍ഗോഡ് ആദൂര്‍ കൊയ്ക്കുട്ലുവിലെ ലക്ഷ്മണനാണ് കൂട്ടുകാരുടെ ഫോണ്‍വിളിയില്‍ മരിച്ച് വീട്ടിലെത്തി ജീവന് വെച്ചത്.
ഏതായാലും എത്തിയപാടെ വീട്ടുകാര്‍ ആശുപത്രിയിലാക്കി മരിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. ഇതോടെ ബന്ധുക്കള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പൊലീസെത്തുകയും ജീവനുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് ആദൂരിലെ പോലീസ് സ്റ്റേഷനു സമീപം അവശ നിലയില്‍ കണ്ടെത്തിയ ലക്ഷ്മണനെ നാട്ടുകാര്‍ കാസര്‍ഗോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആരോഗ്യനില കൂടുതല്‍ വഷളായതോടെ മംഗലാപുരം ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നു മരിച്ചെങ്കിലെന്താ പിണങ്ങിപ്പോയ ഭാര്യയും കുട്ടികളും മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് ലക്ഷ്മണന് ഇപ്പോള്‍.