തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ നാല് സബ് ഇൻസ്പെക്ടർമാർ ഒരേ ദിവസം സർവീസിൽ നിന്നും പടിയിറങ്ങുന്നു.എസ്ഐ വിശ്വനാഥൻ കാരയിൽ, ഗ്രേഡ് എസ്ഐമാരായ നാരായണൻ കുട്ടി, അബ്ദുൽ ജബ്ബാർ, ബാലകൃഷ്ണൻ എന്നിവരാണ് പോലീസ് സർവീസിൽ നിന്നും വിരമിക്കുന്നത്.
തിരൂരങ്ങാടി സ്റ്റേഷനിലെ ക്രൈം ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്തിരുന്ന പരപ്പനങ്ങാടി പുത്തൽപീടിക സ്വദേശിയായ എസ്ഐ വിശ്വനാഥൻ കാരയിൽ 1983 ൽ മലപ്പുറം എംഎസ്പിയിലൂടെയാണ് സേവനം തുടങ്ങിയത്. 2011 മുതൽ കൽപകഞ്ചേരി, തിരൂർ, തിരൂരങ്ങാടി സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വന്നു. ഇത്തവണത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും ഇദ്ദേഹം അർഹനായി.
വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ എസ്ഐ നാരായണൻ കുട്ടി, 1983ലാണ് സർവീസിലെത്തുന്നത്.നിരവധി സ്റ്റേഷനുകളിൽ സേവനം ചെയ്ത അദ്ദേഹം തിരൂരങ്ങാടിയിൽ ഏറെക്കാലം റൈറ്ററായും തുടർന്ന് എസ്പി ഓഫീസിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. കൊണ്ടോട്ടി സ്വദേശിയെങ്കിലും വെന്നിയൂർ കാച്ചടിയിൽ താമസിക്കുന്ന എസ്ഐ അബ്ദുൽ ജബ്ബാർ 1993ലാണ് സർവ്വീസിൽ പ്രവേശിക്കുന്നത്. എസ്ഐ ആയി മൂന്നാം വർഷത്തിലാണ് ഇദ്ദേഹം പടിയിറങ്ങുന്നത്.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ ബാലകൃഷ്ണൻ 1990 ലാണ് സർവീസിൽ പ്രവേശിക്കുന്നത്. തുടർന്ന് നിരവധി സ്റ്റേഷനുകളിൽ സേവനമനുഷ്ടിക്കുകയും നാല് വർഷം മുന്പ് എസ്ഐയാവുകയും ചെയ്തു. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രയാസപ്പെടുന്ന തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ നിന്ന് നാല് സബ് ഇൻസ്പെക്ടർമാർ ഒരേദിവസം പടിയിറങ്ങുന്നത്, സ്റ്റേഷൻ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും.