വാടനപ്പള്ളി (തൃശൂർ): വാടനപ്പള്ളി ഗണേശമംഗലത്ത് റിട്ടയേർഡ് അധ്യാപികയായ വയോധിക വീട്ടുമുറ്റത്ത് തലയ്ക്കടിയേറ്റു മരിച്ചു. വാടാനപ്പള്ളി-ഗുരുവായൂർ ഹൈവേയിൽ ഗണേശമംഗലത്ത് വാലിപ്പറന്പിൽ വസന്ത (77) ആണ് കൊല്ലപ്പെട്ടത്.
വസന്തയുടെ ദേഹത്തുനിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ഇന്നുരാവിലെ ഏഴിനായിരുന്നു കൊലപാതകം നടന്നത്. വസന്തയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യമറിയുന്നത്.
തലയ്ക്ക് അടിയേറ്റ വസന്ത വീടിനു പിറകിൽ ടൈൽപാകിയ മുറ്റത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അടിയേറ്റ ഉടനെ മരണം നടന്നുവെന്നാണ് കരുതുന്നത്.
ഈ വീട്ടിൽനിന്നു മതിൽ ചാടി പോകുകയായിരുന്ന പരിസരവാസിയെ മീൻ വിൽപനക്കാരൻ പിടികൂടി മൊബൈലിൽ പടമെടുത്തിരുന്നു.
ദൃശ്യങ്ങൾ പിന്നീട് പോലീസിനു കൈമാറി. പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തുവരികയുമാണ്. ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
മരിച്ച വസന്ത വിവാഹിതയാണെങ്കിലും കഴിഞ്ഞ 20 വർഷത്തോളമായി ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്നു. വാടനപ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വസന്തയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിരലടയാള വിദഗ്ധരും, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.