ഹരിപ്പാട്: സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേർഡ് ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഹരിപ്പാട് ഡാണാപ്പടി പുത്തേത്ത് ഹരികൃഷ്ണൻ (58) ആണ് മരിച്ചത്.
രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസിൽ ഇന്നു പുലർച്ചെ 4.20 നുള്ള തിരുവനന്തപുരം-മാവേലി എക്സ്പ്രസ് തട്ടിയാണു മരണം.
സംഭവം നടന്ന ഉടൻതന്നെ ലോക്കോ പൈലറ്റ് പോലീസിൽ വിവരമറിയിച്ചു. കരിയിലകുളങ്ങര പോലീസ് സ്ഥലത്തെത്തി റെയിൽവേ ട്രാക്കിൽ കിടന്ന മൃതദേഹം പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
ഇദ്ദേഹം വന്ന കാർ സമീപത്തെ റോഡ് സൈഡിൽ കണ്ടെത്തി. കാറിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. എറണാകുളം മേക്കാലടിയിലുള്ള ഫാത്തിമ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കാറാണിത്.
നിലവിൽ സിഎഫ്സിഐസിഐ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിജിലൻസ് മേധാവിയാണു ഹരികൃഷ്ണൻ.കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഹരികൃഷ്ണനെതിരേ വിജിലൻസ് അന്വേഷണം നടന്നുവരികയായിരുന്നു. ഭാര്യ: വാണി. മക്കൾ: ലക്ഷ്മി കാർത്തിക്. മരുമകൻ: നിതിൻ രാജ് ഐപിഎസ്.