ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിലുള്ള മത്സരത്തിൽ ശ്രദ്ധ ആകർഷിച്ച സംഭവമായിരുന്നു ആർ. അശ്വിന്റെ റിട്ടയേർഡ് ഔട്ട്. മങ്കാദിംഗിലൂടെ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞ അശ്വിൻ റിട്ടയേർഡ് ഔട്ടിലൂടെ ഇപ്പോൾ ചർച്ചാവിഷയമായി.
ക്രിക്കറ്റ് നിയമ പുസ്തകമായ എംസിസി (മാർലിബോണ്‍ ക്രിക്കറ്റ് ക്ലബ്) ബാറ്റർ റിട്ടയേർഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിർവചനങ്ങൾ നൽകിയിട്ടുണ്ട്.
അത് ഇങ്ങനെ,25.4.1 നിയമം: ഒരു ബാറ്റർക്ക് ഇന്നിംഗ്സിനിടെ പന്ത് ഡെഡ് ആകുന്ന ഏത് നിമിഷത്തിലും റിട്ടയേർഡ് ചെയ്യാവുന്നതാണ്. എന്തു കാരണത്താലാണെന്ന് അന്പയറെ ധരിപ്പിക്കണം എന്നു മാത്രം.
25.4.2 നിയമം: ബാറ്റിംഗിനിടെ പരിക്ക്, രോഗം തുടങ്ങിയ എന്തെങ്കിലും സാഹചര്യത്തിലാണ് റിട്ടയേർഡ് ആകുന്നതെങ്കിൽ ആ ബാറ്റർക്ക് തിരിച്ച് ക്രീസിൽ എത്താനുള്ള അവകാശമുണ്ട്. അങ്ങനെ തിരിച്ച് ക്രീസിൽ എത്തിയില്ലെങ്കിൽ ആ ബാറ്റർ റിട്ടയേർഡ് നോട്ടൗട്ട് എന്ന് കണക്കാക്കപ്പെടും.
25.4.3 നിയമം: ബാറ്റർ 25.4.2 സാഹചര്യത്തിൽ അല്ലാതെയാണ് റിട്ടയേർഡ് ആകുന്നതെങ്കിൽ തിരിച്ച് ക്രീസിൽ എത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യം. ബാറ്റർ ക്രീസിലേക്ക് തിരിച്ചെത്തുന്നില്ലെങ്കിൽ അത് റിട്ടയേർഡ് ഒൗട്ട് ആയി കണക്കാക്കും.
രാജസ്ഥാന്റെ ആർ. അശ്വിൻ ഇന്നിംഗ്സിലെ 19-ാം ഓവറിലാണ് റിട്ടയേർഡ് ഒൗട്ട് ആയി ക്രീസ് വിട്ടത്. അശ്വിനും ടീം അംഗങ്ങളും ചേർന്ന് എടുത്ത തീരുമാനമായിരുന്നു അതെന്നാണ് മത്സരശേഷം രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാരയുടെ വിശദീകരണം.
23 പന്തിൽ രണ്ട് സിക്സിന്റെ അകന്പടിയോടെ അശ്വിൻ 28 റണ്‍സ് എടുത്തുനിൽക്കേയായിരുന്നു റിട്ടയേർഡ് ഒൗട്ട് ആയി ക്രീസ് വിട്ടത്. റിയാൻ പരാഗിനെ എത്തിച്ച് റണ്‍സ് ഉയർത്താനുള്ള ശ്രമഫലമായാണ് അശ്വിനെ പിൻവലിച്ചത്.
നാല് പന്തിൽ ഒരു സിക്സ് ഉൾപ്പെടെ എട്ട് റണ്‍സ് എടുക്കാനേ പരാഗിനു സാധിച്ചുള്ളൂ. ഐപിഎൽ ചരിത്രത്തിൽ റിട്ടയേർഡ് ഒൗട്ട് ആകുന്ന ആദ്യ കളിക്കാരനാണ് അശ്വിൻ.