ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ റിട്ട. കേണലിന്റെ വീട്ടിൽനിന്നും ഒരു കോടി രൂപയും 117 കിലോ നീലക്കാളയുടെ മാംസവും പിടിച്ചെടുത്തു. മീററ്റിലെ സിവിൽ ലൈനിൽ താമസിക്കുന്ന റിട്ട. കേണൽ ദെവിന്ദ്ര കുമാറിന്റെ വീട്ടിൽനിന്നാണ് മാംസവും കണക്കിൽപെടാത്ത പണവും പിടിച്ചെടുത്തത്.
റവന്യൂ ഇന്റലിജൻസും വനംവകുപ്പും സംയുക്തമായാണ് ദെവിന്ദ്ര കുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. മാംസവും പണവും കൂടാതെ 40 പിസ്റ്റൾ, 50,000 തോക്കിൽ ഉപയോഗിക്കുന്ന തിരകൾ, മൃഗത്തോൽ എന്നിവയും പിടിച്ചെടുത്തു. കുമാറിന്റെ ഗോഡൗണിൽനിന്നാണ് ഇവ കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തിയത്.
കലമാന്റെ തലയോട്ടി, മ്ലാവിന്റെ കൊമ്പുകൾ, ആനക്കൊമ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലർച്ചവരെ നീണ്ടു. കുമാറിന്റെ മകൻ ദേശീയ തലത്തിലുള്ള ഷൂട്ടിംഗ് താരമാണ്.