കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്നു വിരമിക്കുന്ന സബ് ഇൻസ്പെക്ടറെ വിളിക്കാതെ പോലീസ് സംഘടനയുടെ യാത്രയയപ്പ് ചടങ്ങ് പോലീസിൽ തന്നെ ചർച്ചയാകുന്നു. 32 വർഷത്തെ സേവനത്തിനുശേഷം കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് ഇന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പോലീസ് സംഘടനകളിൽ നിന്ന് അപമാനം നേരിടേണ്ടിവന്നത്. നേരത്തെ നിശ്ചയിച്ച യാത്രയപ്പ് ചടങ്ങ് ഒരു പോലീസുകാരൻ മരിച്ചതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരുന്നു.
എന്നാൽ, മാറ്റിവച്ച തീയതിയൊന്നും യാത്രയയപ്പ് വാങ്ങേണ്ട ഉദ്യോഗസ്ഥനെ സംഘടനാഭാരവാഹികൾ അറിയിച്ചുമില്ല. ഇതിനിടയിൽ, ചടങ്ങ് ആരംഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥനില്ലാത്ത കാര്യം ഭാരവാഹികൾ അറിഞ്ഞത്. വിളിച്ചു നോക്കുന്പോൾ ഉദ്യോഗസ്ഥനാകട്ടെ യൂത്ത് കോൺഗ്രസിന്റെ ഡിഎഫ്ഒ ഓഫീസ് മാർച്ചിന്റെ ഡ്യൂട്ടിയിലും. തത്കാലം പങ്കെടുക്കാൻ നിർവാഹമില്ലെന്ന് സബ് ഇൻസ്പെക്ടർ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
റിട്ടയർമെന്റ് ചടങ്ങുകൾക്ക് ഈ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നടക്കം 500 രൂപ പിരിവ് നടത്തുകയും ചെയ്തുവെന്നാണ് കൗതുകം. യാത്രയയപ്പ് ചടങ്ങ് നടത്താത്തപക്ഷം പണം തിരിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് മേധാവികളെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ.