ആലപ്പുഴ: മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും കുതിരപ്പന്തിരാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്ണകുമാരി(50)യുമാണ് കുടുംബക്കോടതി ജഡ്ജിയുടെയും അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെക്കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്.
14 വർഷം മുന്‍പ് ഇവര്‍ വിവാഹബന്ധം വേർപെടുത്തിയിരുന്നു. 2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെത്തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബക്കോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർത്തു സംയുക്തമായി കരാറും തയാറാക്കി.
എന്നാൽ കൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കുടുംബക്കോടതി ജഡ്ജി വിദ്യാധരൻ ഇരുവരും പുനഃർവിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെക്കരുതി പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചുകഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും അഭിഭാഷകരും നിർദ്ദേശം അംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു.
ഇരുവരും അടുത്ത ദിവസം വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും. സുബ്രഹ്മണ്യനു വേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും കൃഷ്ണകുമാരിക്കു വേണ്ടി സൂരജ് ആർ. മൈനാഗപ്പള്ളിയും ഹാജരായി.