ആലുവ: സർക്കാർ ഖജനാവിലേക്ക് ലക്ഷങ്ങൾ നൽകുന്ന പൊതുജനം ആലുവയിൽ മുദ്രപത്രത്തിനെത്തിയാൽ വെയിലും മഴയുമേൽക്കേണ്ട അവസ്ഥ. ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപം പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡ് കൈയേറി നിർമിച്ച താത്കാലിക ഷെഡുകളിലാണ് ഇപ്പോഴും റവന്യു സ്റ്റാമ്പും മുദ്രപത്രങ്ങളും വിൽക്കുന്നത്. ഇവിടെയെത്തുന്ന പൊതുജനത്തിന് റോഡിലൂടെ പോകുന്ന വാഹനം തട്ടാതെ നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
വലിയ വരുമാനമുണ്ടായിട്ടും മതിയായ സൗകര്യമുള്ള സ്ഥലം കണ്ടെത്താതെ ലൈസൻസികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ദിവസവും നൂറു കണക്കിന് ആളുകളാണ് ആധാരം എഴുതാനും റവനന്യു സ്റ്റാമ്പിനും മുദ്ര പത്രത്തിനുമായി വരുന്നത്. വെയിലേൽക്കാതിരിക്കാനോ ക്ഷീണിക്കുന്നവർക്ക് ഇരിക്കാനോ സൗകര്യമില്ല.
നീണ്ട ക്യൂവാണ് എല്ലായിപ്പോഴും. പ്രായമായവരും സ്ത്രീകളും അവരോടൊപ്പം വരുന്ന കുട്ടികളും ഏറെ കഷ്ടപ്പെടുകയാണ്. സമീപത്തെ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷനു വരുന്നവരും നഗരസഭയിൽ നിന്നും സമീപ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനന-മരണ സർട്ടിഫിക്കറ്റുകൾ വാങ്ങാനെത്തുന്നവരും വിവിധ ലൈസൻസ് പുതുക്കുന്നതിനും മുദ്രപത്രം വാങ്ങാനുമൊക്കെ യായി എപ്പോഴും തിരക്കാണ്.
ക്യൂവിൽ ദീർഘനേരം നിൽക്കുന്നതിനാൽ ചൂടിന്റെ കാഠിന്യം മൂലം തലകറങ്ങി വീഴുന്ന അവസ്ഥയും ഉണ്ട്. നഗരത്തിൽ രണ്ടോ മൂന്നോ ഓഫീസുകളിൽ കൂടി മുദ്രപത്രങ്ങൾ വിതരണം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുദ്ര പത്രം വാങ്ങാനെത്തുന്നവരെ വേനൽ കാലത്ത് പൊരിഞ്ഞ വെയിലത്തു നിർത്തുന്നത് അവസാനിപ്പിക്കണമെന്നും ആധാരം എഴുത്ത് ഓഫീസുകൾ സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റി പ്രവർത്തിക്കണമെന്നും ഇക്കാര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.