മലയാള സിനിമയിലെ സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായുള്ള സംഘടനയായ ഡബ്ലുസിസിയെക്കുറിച്ച് തുറന്നു പറഞ്ഞ്, സംഘടനയിലെ പ്രധാന അംഗങ്ങളില്‍ ഒരാളായ നടി രേവതി രംഗത്ത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ ഒരു കൂട്ടായ്മ തുടങ്ങി, കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങളാണ് രേവതി വ്യക്തമാക്കിയത്.
നടികള്‍ തമ്മിലുള്ള ഒരു ആത്മബന്ധം സിനിമയ്ക്കുള്ളില്‍ നിലനില്ക്കുന്നതുകൊണ്ടാണ്, നമ്മളില്‍ ഒരുവള്‍ക്ക് അപകടം വരുമ്പോള്‍ അവള്‍ക്കായി ഒത്തുചേര്‍ന്നതെന്ന് രേവതി വ്യക്തമാക്കി. സ്കൈപ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തുചേരുന്നത്. തങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ചിലപ്പോള്‍ രാത്രി പതിനൊന്നുമണിയൊക്കെയാകും.
പൂര്‍ണ ഇഷ്ടത്തോടെയാണ് എല്ലാവും ഒരുമ്മിച്ച് നില്‍ക്കുന്നത്. ഓരോ തീരുമാനങ്ങള്‍ക്കു പിന്നിലും കൂട്ടായ സമ്മതം ഉണ്ടാകുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടായ്മയ്ക്കുള്ളില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.
ഒരു തീരുമാനത്തിനു പിന്നില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് മാനിക്കുന്നത്. അതേസമയം മലയാളം വായിക്കാനറിയാത്തവര്‍ പ്രസ്താവനകളൊക്കെ വായിച്ചു കേള്‍ക്കണമെന്ന് വാശി പിടിക്കും. ഈ നിലപാടുകളുടെ പേരില്‍ പലര്‍ക്കും സിനിമകള്‍ നഷ്ടമാകുന്നുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി.
എങ്കിലും മാറ്റം വരണമെന്ന് തന്നെ കൂട്ടായ്മ അതിയായി ആഗ്രഹിക്കുന്നു. അതിനായി കാത്തിരിക്കുന്നുവെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. സിനിമകള്‍ മാറ്റിവെച്ചതല്ല, മലയാളത്തില്‍ നിന്ന് തന്നെ സിനിമയിലേയ്ക്ക് ആരും വിളിക്കാറില്ലാത്തതുകൊണ്ടാണ് തന്നെ കാണാത്തതെന്നും രേവതി പറഞ്ഞുവെയ്ക്കുന്നു.