മൂവാറ്റുപുഴ: സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞു കയറിയ സംഭവത്തിൽ വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂർ പാലക്കാട്ടുപുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണു ചികിത്സയിലിരിക്കെ മരിച്ചത്.
വൈകുന്നേരം നാലിന് വീട്ടുവളപ്പിലാണ് സംസ്കാരം. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷമാണു വസതിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ 21നു രാവിലെ ഒന്പതിനു സ്കൂൾ മുറ്റത്തു നടന്ന യോഗാദിനാചരണത്തിനു കുട്ടികളെ അണിനിരത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂൾ അക്കാഡമിക് ഡയറക്ടറുടെ കാർ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു.
അപകടത്തിൽ പത്തു വിദ്യാർഥികൾക്കു നിസാര പരിക്കേറ്റിരുന്നു. കാർ പാഞ്ഞുവരുന്നതു കണ്ടു വിദ്യാർഥികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാർ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാർ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തു പാർക്കു ചെയ്തിരുന്ന സ്കൂൾ ബസിൽ ഇടിച്ചാണ് കാർ നിന്നത്.
ഗുരുതര പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണു മരിച്ചത്. നട്ടെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അക്കാഡമിക് ഡയറക്ടറായ ആർ. കൃഷ്ണകുമാർ വർമ തന്റെ കാറിൽ സ്കൂൾ വളപ്പിലേക്കു വരുന്നതിനിടെ കുറുകെ കടന്ന മറ്റൊരു വിദ്യാർഥിയുടെ ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെയാണു കാർ നിയന്ത്രണം വിട്ടത്. അബദ്ധത്തിൽ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നു പോലീസ് പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗിനു കൃഷ്ണകുമാറിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.