കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമമുണ്ടായെന്ന ഡബ്ല്യുസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങൾക്ക് മുന്‍പുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുന്‍പ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും സെൻട്രൽ സിഐ എ.അനന്തലാൽ പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം രേവതി വെളിപ്പെടുത്തിയത്. സെൻട്രൽ പോോലീസിൽ ജിയാസ് ജമാൽ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടി തന്റെയടുത്ത് രക്ഷിക്കണമെന്ന് പറഞ്ഞാണ് വന്നത്. ലൈംഗിക പീഡനം നടന്നുവെന്ന് പറഞ്ഞല്ല. അർധരാത്രി തുടർച്ചയായി മുറിയുടെ വാതിലിൽ ആരോ മുട്ടിവിളിച്ചതിനെ തുടർന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്റെയടുക്കലേക്ക് വന്നത്. പെണ്‍കുട്ടിയും മുത്തശിയും താനും അന്ന് രാത്രി മുഴുവൻ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും, സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പിൽ പറഞ്ഞു.