കോവിഡിനു കാരണമായ കൊറോണ വൈറസിനെപ്പറ്റി വളരെ മുമ്പേ തന്നെ അറിയാമായിരുന്നിട്ടും ചൈന പുറംലോകത്തിനു മുമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് ഏറെ വൈകിയെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ. അമേരിക്കയില്‍ അഭയം തേടിയ ശാസ്ത്രജ്ഞയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഹോങ്കോങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി ആന്‍ഡ് ഇമ്യൂണോളജിയില്‍ വൈദഗ്ധ്യം നേടിയ ലി മെങ് യാന്‍ ആണ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പകര്‍ച്ചവ്യാധികളില്‍ വൈദഗ്ധ്യമുള്ള റഫറന്‍സ് ലാബോറട്ടറിയായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ചൈനയെ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്ത് 2020ന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിച്ചപ്പോള്‍ ഇതിനേക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്താനും ചൈനയ്ക്കു ബാധ്യതയുണ്ടായിരുന്നുവെന്നു ലീ മെങ് അഭിമുഖത്തില്‍ പറഞ്ഞു.
ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യം ഉള്ളവരെന്നു കരുതുന്ന തന്റെ സൂപ്പര്‍വൈസര്‍മാര്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തെ അവഗണിച്ചുവെന്നും അല്ലാത്തപക്ഷം നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ലീ മെങ് പറഞ്ഞു.
കോവിഡിനെപ്പറ്റി പഠിച്ചുതുടങ്ങിയ ലോകത്തിലെ തന്നെ ആദ്യ ഗവേഷകരിലൊരാളാണ് യാന്‍. തുടക്കത്തില്‍ വൈറസിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്ന ചൈനയിലെ തന്റെ സഹപ്രവര്‍ത്തകര്‍ പൊടുന്നനെ നിശബ്ദരാകുകയായിരുന്നുവെന്ന് യാന്‍ പറയുന്നു.
ഇതിനു പിന്നില്‍ ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലായിരുന്നു. എന്നിരുന്നാലും എല്ലാവരും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമായി. രോഗവ്യാപനം കുതിച്ചുയര്‍ന്നത് താന്‍ സുഹൃത്തുക്കളില്‍ നിന്നാണ് അറിഞ്ഞതെന്നും യാന്‍ പറയുന്നു.ഏപ്രില്‍ 28നാണ് യാന്‍ അഭയം തേടി യുഎസിലെത്തിയത്.