സരിതയുടെ പശ്ചാത്തലം അറിയാതെ പോയത് കാരണമാണ് താനും ജോപ്പനുമൊക്കെ സോളാര്‍ വിവാദത്തില്‍ അകപ്പെട്ടതെന്ന് ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ ജേക്കബ്.
താന്‍ സോളാര്‍ കേസില്‍ തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ്സിലെ ചിലര്‍ തന്നെ തള്ളിപ്പറഞ്ഞെന്ന് ജിക്കുമോന്‍ ജേക്കബ് ഒരു മാധ്യമത്തോട് മനസ്സു തുറന്നു. ഉമ്മന്‍ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്.
പക്ഷെ പാര്‍ട്ടിയില്‍ സജീവമല്ല. പ്രതിപക്ഷ സമരം സ്വാഭാവികമെങ്കിലും വിവാദം കൂടുതല്‍ ശക്തമാകട്ടെയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയെന്നും ജിക്കു പറഞ്ഞു.
ജോപ്പനെ പോലെ തന്നെ ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്നു പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിക്കുമോന്‍ ജേക്കബ്. ജോപ്പന്‍ കുടുങ്ങിയത് പോലെ ജിക്കുവും സോളാറില്‍ പെട്ടത് സരിതയുടെ ഫോണ്‍പട്ടിക വഴിയാണ്.
ജോപ്പന് പിന്നാലെ ജിക്കുവും സരിതയുമായി സംസാരിച്ചെന്ന വിവരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിരോധത്തിലായി. വിവാദം കത്തിപ്പടരുന്നതിനിടെ 2013 ജൂണ്‍ 26 ന് ജിക്കുമോന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്വം രാജിവെക്കുകയായിരുന്നു.
ഇന്ന് പുതുപ്പള്ളിയില്‍ സുഹൃത്തിനൊപ്പം ചെരുപ്പുകട നടത്തി ജീവിക്കുകയാണ് ജിക്കു. കേസുകളിലൊന്നും പ്രതിയായില്ലെങ്കിലും വിവാദങ്ങള്‍ ജിക്കുമോനെ തകര്‍ത്തു. താന്‍ കാരണം തന്റെ നേതാവും പഴികേട്ടതിലാണ് ഏറ്റവും ദുഃഖമെന്ന് ജിക്കു പറയുന്നു.