ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.
മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചത്തു.
ഇതോടെ കാക്കകള്‍ ആക്രമിക്കാന്‍ തുടങ്ങി. ആക്രമണം തുടര്‍ക്കഥയായി. ഇപ്പോള്‍ ചായക്കടയിലേക്ക് പോകുമ്പോള്‍ പോലും വടിയും കൈയില്‍ കരുതിയാണ് ശിവ പുറത്തിറങ്ങുക. എന്നാലും കാക്കകള്‍ ആക്രമിക്കുമെന്ന് ഇയാള്‍ പറയുന്നു. പക്ഷികളില്‍ ബുദ്ധികൂര്‍മത കൂടുതലുള്ളവയാണ് കാക്കകളെന്ന് പ്രൊഫസര്‍ അശോക് കുമാര്‍ മുഞ്ജാല്‍ പറഞ്ഞു. അവരെ ഉപദ്രവിച്ചവരെ ഓര്‍ത്ത് വെക്കാനുള്ള കഴിവ് കാക്കകള്‍ക്ക് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണില്‍ നടന്ന ഒന്നിലധികം പഠനങ്ങളില്‍ ഉപദ്രവിച്ച മനുഷ്യരുടെ മുഖം ഓര്‍ത്തുവെക്കാന്‍ കാക്കകള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്തായാലും കാക്കകള്‍ക്ക് മനംമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശിവ.