അമരാവതി: ആന്ധ്രാപ്രദേശിൽ യുവാവ് അധ്യാപികയായ കാമുകിയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. മുസുനുരു ഗ്രാമത്തിൽനിന്നുള്ള യേശു രത്നം(23) എന്നയാളാണ് കാമുകിയായ ജക്കു രത്ന ഗ്രേസിനെ കൊലപ്പെടുത്തിയത്. ഏലൂർ ടൗണിലെ സത്രംപാട് ഭാഗത്തുള്ള ലക്ഷ്മി ഗണപതി ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കൊലപാതകം.
ഹൈസ്കൂളിലും ബിരുദപഠനത്തിലും സഹപാഠികളായിരുന്ന രത്നവും ഗ്രേസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ രത്നത്തിന് ജോലിയില്ലാത്തതിനാൽ ഗ്രേസ് യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച ഗ്രേസ് പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലെത്തിയ രത്നം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസാരിക്കുന്നതിനിടെ രത്നം കത്തിയെടുത്ത് ഗ്രേസിന്റെ കഴുത്തിൽ കുത്തുകയും സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഗ്രേസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രത്നത്തെ വിജയവാഡ സർക്കാർ ജനറൽ ആശുപത്രിയിൽ (ജിജിഎച്ച്) പോലീസ് എത്തിച്ചു. ഇയാളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്.
വീഡിയോ കാണാം…