കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ തന്നെ കല്ലുകടി. ചവിട്ടുനാടക വിധി കർത്താക്കൾക്കെതിരെയാണു മത്സരാർഥികളുടെ പ്രതിഷേധം.പ്രധാനവേദിയായ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി ചവിട്ടുനടക മത്സരത്തിന്റെ ഫലപ്രഖ്യാപനം വന്നയുടൻ 10.30നാണ് സംഭവം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ നെടുങ്കുന്നം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് എച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ മൗണ്ട് കാർമൽ എച്ച്എസും വിധികർത്താക്കൾക്കെതിരെ രംഗത്തെത്തി. ചവിട്ടുനാടകത്തെക്കുറിച്ച് അറിവില്ലാത്തവരാണു വിധികർത്താക്കളായതെന്ന് ആരോപണമുയർന്നു.
വിധി കർത്താക്കളുടെ പാകപ്പിഴ ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്നു മത്സരാർഥികളും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നു സംഘാടകരും അറിയിച്ചതിനെത്തുടർന്നാണു പ്രതിസന്ധി മറികടന്നത്.