കുളത്തൂപ്പുഴ: കുളത്തുപ്പുഴ അമ്പലകടവിൽപ്രവര്ത്തനാനുമതി ലഭിച്ചിട്ടില്ലാത്ത കെട്ടിടത്തില്‍ യാതൊരുവിധത്തിലുമുള്ള അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ഉപഭോക്തൃ സേവന കേന്ദ്രം അടച്ച്പൂട്ടാൻ റവന്യൂവകുപ്പ് നിരോധന ഉത്തരവ് നൽകി.
അമ്പതേക്കറിലെ ഗ്യാസ് ഏജന്‍സി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പലക്കടവില്‍ പ്രവര്‍ത്തനമാരംഭിച്ച ഉപഭോക്തൃ സേവന കേന്ദ്രം പഞ്ചായത്തിന്റെയോ മറ്റു സുരക്ഷാ ഏജന്‍സികളുടെയോ അനുമതി നേടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നിരോധന ഉത്തരവ് നല്‍കിയത്.
വില്ലുമല ആദിവാസി കോളനി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസി ഗുണഭോക്താക്കളുടെ സൗകര്യാർത്ഥമെന്ന് അറിയിച്ചാണ് ഓണം നാളില്‍ അന്തര്‍സംസ്ഥാന പാതയോരത്തായി അമ്പലക്കടവിന് സമീപം ഉപഭോക്തൃ സേവന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്.
എന്നാൽ ഗ്യാസ് സിലണ്ടറുകൾ സൂക്ഷിക്കുന്നതിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കാട്ടി ജില്ലാകളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ താലൂക്ക് തഹസീൽ ദാരുടെ നിർദ്ദേശ പ്രകാരം കുളത്തൂപ്പുഴ വില്ലേജ് ഓഫീസർ ജയദേവനാണ് കഴിഞ്ഞ ദിവസം നിരോധന ഉത്തരവ് നൽകിയത്.
പുഴയോരത്ത് നിർമ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസോ, സാനിറ്റേഷൻ സർട്ടിഫിക്കേറ്റോ, സുരക്ഷാ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതാണ് നിരോധന ഉത്തരവ് നൽകാന് കാരണമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. കെട്ടിടം ഉടമയുടെ പേരിലാണ് നിരോധന ഉത്തരവ് നല്‍കിയിരിക്കുന്നത്.