മൂന്നാർ: പുഴയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ കെട്ടിട വിപുലീകരണം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞു. പരിശേധന നടത്താനാകാതെ റവന്യൂ ഉദ്യോഗസ്ഥർ ഡിവൈെസ്പി ഓഫീസിൽ അഭയംപ്രാപിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്നുവന്നിരുന്ന സ്ഥലപരിശോധനകളാണ് തടസപ്പെട്ടത്.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടുദിവസമായി റവന്യുവിന്റെ പരിശോധനകൾ നടന്നുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മൂന്നാറിലെ ഇക്കാനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ വിപുലീകരണം നടക്കുന്നതിനിടെയാണ് റവന്യൂസംഘം പരിശോധനക്കെത്തിയത്.ഡപ്യൂട്ടി തഹസിൽദാർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിവന്നിരുന്നത്.
അനധികൃത നിർമാണങ്ങൾ നടക്കുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾക്കായി എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കളക്ടറുടെ ഉത്തരവുണ്ടായാൽ മാത്രമേ പരിശോധന അനുവദിക്കൂ എന്ന നിലപാടിലായിരുന്നു സിപിഎം പ്രവർത്തകർ. മൂന്നാർ കോളനി റോഡിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
തർക്കം രൂക്ഷമായതോടെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് മൂന്നാർ എസ്ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സിപിഎം പ്രവർത്തകരുമായി ചർച്ചനടത്തിയെങ്കിലും പരിശോധന അനുവദിച്ചില്ല. ഗതിമുട്ടിയ റവന്യൂ ഉദ്യോഗസ്ഥർ ഒടുവിൽ മൂന്നാർ ഡിവൈഎസ്പി ഓഫീസിൽ അഭയംതേടുകയായിരുന്നു.
ഇരുവിഭാഗങ്ങളുമായും ഡിവൈഎസ്പി നടത്തിയ ചർച്ചയിൽ ’നിയമവിധേയമായി’ പരിശോധനകൾ തുടരുവാൻ തീരുമാനിച്ചു. ’നിയമവിധേയം’ വ്യക്തമാക്കിയിട്ടില്ല. ഇന്നലത്തെ പരിശോധന തടസപെട്ടതോടെ ഇനിയുള്ള അവധിദിവസങ്ങൾ കൈയേറ്റക്കാർക്ക് ഗുണകരമാകും.