തൃശൂര് കോര്പ്പറേഷനില് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്സ്.
കോര്പ്പറേഷന് സോണല് ഓഫീസിലെ റവന്യു ഇന്സ്പെക്ടര് കെ നാദിര്ഷയെയാണ് പിടികൂടിയത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പനമുക്ക് സ്വദേശിയായ സന്ദീപ് എന്നയാളില് നിന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്സ് കസ്റ്റഡിയിലെടുത്തത്.
ഇയാള് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്ന്ന് സന്ദീപ് വിവരം വിജിലന്സിനെ അറിയിക്കുകയായിരുന്നു. ശേഷം, വിജിലന്സ് നിര്ദേശപ്രകാരം സന്ദീപ് പണവുമായെത്തി.
പണം നല്കിയതിന് പിന്നാലെ വിജിലന്സ് സംഘം ഇയാളെ കസ്റ്റഡിയില് എടുക്കുകയും ചെയ്തു.
പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്ക്കാര് പരിശോധന കര്ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്വീസില് നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന് മുന്നറിയിപ്പ് നല്കിയിരുന്നു.
എന്നാല്, സര്ക്കാര് പരിശോധനകള് ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില് മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്.