തിരുവല്ല: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയിൽ വീർപ്പുമുട്ടി റവന്യു ടവർ. കേരള ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടത്തിൽ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും മുൻസിഫ് കോടതിയും സബ് കോടതിയും താലൂക്ക് സപ്ലെ ഓഫീസുകളുമടക്കം നിരവധി സർക്കാർ ഓഫീസുകളും നൂറോളം വരുന്ന സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് റവന്യുടവറിലാണ്.നിർമാണം പൂർത്തിയാക്കി 20 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ പിന്നീട് പെയിന്റിംഗ് നടത്താൻ പോലും അധികൃതർക്കായിട്ടില്ല.
വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് പ്രതിദിനം ഇവിടെ എത്തുന്നത്. ടവറിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനടക്കം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥയാണുള്ളത്. ടവറിന്റെ മുൻവശത്തടക്കം കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുണ്ടായി കിടക്കുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മുൻവശത്തെ പാർക്കിംഗ് ഏരിയായും ചുറ്റുപാടും തറയോട് പാകി പാർക്കിംഗിനടക്കം സജ്ജമാക്കുമെന്ന് അധികൃതർ രണ്ട് വർഷം മുമ്പ് നടത്തിയ പ്രഖ്യാപനം ഇപ്പോഴും പാലിക്കാതെ കിടക്കുന്നു. രണ്ട് ലിഫ്റ്റുകളാണ് ടവറിലുള്ളത്.
ഇവ അടിക്കടി തകരാറിലാകുന്നത് ഇവിടെ എത്തുന്നവരെ ഏറെ കഷ്ടത്തിലാക്കുന്നുണ്ട്. തകരാർ മൂലം ലിഫ്റ്റിനുള്ളിൽ അര മണിക്കൂറിലധികം ആളുകൾ കുടുങ്ങിക്കിടന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഗ്നിശമന സേനയെത്തിയാകും പലപ്പോഴും ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നത്. എല്ലാ നിലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ടോയ്ലറ്റുകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ ഇവ ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്.
ടോയ്ലറ്റുകളിലെ ഗ്രാനൈറ്റ് സ്ലാബുകളും ശൗചാലയങ്ങളുടെ വാതിലുകളും അടക്കം സാമൂഹ്യ വിരുദ്ധരാൽ തകർക്കപ്പെട്ട നിലയിലാണ്. റവന്യു പോലീസ് എക്സൈസ് വകുപ്പുകൾ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ ടവറിനു പിന്നിലും കിഴക്കുവശത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഒന്നിന് മുകളിൽ ഒന്നായി അടുക്കിയിട്ടിരിക്കുന്ന തുരുമ്പെടുത്ത് ദ്രവിച്ച വാഹനങ്ങൾക്ക് മേൽ കാട് മൂടിക്കിടക്കുന്നത് മൂലം ടവറിന്റെ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്.
റവന്യു ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാടകക്കാരുടെ കൂട്ടായ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അടക്കം നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. അതേ സമയം താലൂക്ക് ഓഫീസിന്റേതായുള്ള 69 ലക്ഷം അടക്കം 1.30 കോടി രൂപയോളം വാടക കുടിശിക ഇനത്തിൽ ഹൗസിംഗ് ബോർഡിന് ലഭിക്കാനുണ്ടെന്നും ഇതാണ് അറ്റകുറ്റപ്പണി അടക്കമുള്ള നിർമാണങ്ങൾക്ക് തടസമാകുന്നതെന്നുമാണ് ഹൗസിംഗ് ബോർഡ് അധികൃതർ നിരത്തുന്ന വാദം.