“ചങ്ക്സ്’ സഹിക്കാൻ പറ്റില്ല! ഇതൊക്കെ കാണാൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി

ന്യൂജൻ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസിൽ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവിധായകൻ ഒമർ ലുലുവിനെ തിരിഞ്ഞുകൊത്തി. ബ്രോ… ഞങ്ങൾ അത്ര മോശക്കാരല്ലായെന്ന് ചുള്ളന്മാർ കൂക്കിവിളിച്ച് അറിയിച്ചപ്പോൾ അലിഞ്ഞില്ലാതെപോയത് അവിടിവിടായി അശരീരി പോലെ കേട്ട ചിരികളാണ്.

എങ്ങനെയൊക്കെയോ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയ “ഹാപ്പി വെഡിംഗ്’ എന്ന ചിത്രത്തിന്‍റെ വിജയത്തേരിലേറിയായിരുന്നു ചങ്ക്സിന്‍റെ വരവ്. പക്ഷേ, ഇത്തവണ അവർ പൊട്ടിച്ച ചിരിപ്പടക്കങ്ങളെല്ലാം ചീറ്റിപ്പോയി. വേറൊന്നും പ്രതീക്ഷിക്കണ്ട ചിരിമാത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് വന്നാൽ മതിയെന്നുള്ള മുന്നറിയിപ്പിൽ ഇത്രയ്ക്കും തത്തറയായ ദ്വയാർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതിയില്ല. ചുരുക്കത്തിൽ എന്ത് ഉൗളത്തരവും വർണക്കടലാസിൽ പൊതിഞ്ഞ് കൊടുത്താൽ സ്വീകരിച്ചോളുമെന്നുള്ള വിശ്വാസത്തിൽ നിന്നും പിറവികൊണ്ട ചിത്രമാണ് ചങ്ക്സ്.

ബാലു വർഗീസ്, വിശാഖ് നായർ, ഗണപതി, ധർമജൻ ബോൾഗാട്ടി പിന്നെ ഹണി റോസ് ഇവരെ മുന്നിൽ നിർത്തികൊണ്ടുള്ള കോമഡിക്കളി ശരിക്കും പരമ ബോറാണ്. തമിഴിൽ കണ്ടുവരാറുള്ള ഒരു നുറുക്കുവിദ്യ ചങ്ക്സിൽ പ്രയോഗിച്ചിട്ടുണ്ട്. നായികയുടെ മേനിയഴക് കളർഫുള്ളായി കാണിക്കുക. പക്ഷേ, അതിങ്ങ് മലയാളത്തിൽ ഇറക്കിയപ്പോൾ അത്രയ്ക്ക് അങ്ങോട്ട് ഏശിയില്ലെന്നു മാത്രം.

മെക്കാനിക്കൽ എൻജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന റൊമാരിയോ(ബാലു വർഗീസ്)യെ ചുറ്റിപ്പറ്റിയാണ് കഥയെന്നു പറയുന്ന എന്തോ വികസിച്ച് വരുന്നത്. കോളജിൽ സാധാരണ കാട്ടാറുള്ള നന്പറുകളുടെ കുത്തൊഴുക്ക് ചിത്രത്തിൽ ഒമർ അണിയിച്ച് ഒരുക്കിയിട്ടുണ്ട്. പക്ഷേ, അശ്ലീലച്ചുവയുള്ള ഡയലോഗുകളിൽ തട്ടി അവയെല്ലാം തവിടുപൊടിയായിപ്പോയെന്നു മാത്രം. “കോമഡിക്ക് കൂട്ട് അശ്ലീലം’.. ഇതാണ് ട്രെൻഡെന്ന് സംവിധായകനെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

പെണ്‍തരിയില്ലാത്ത മെക്കാനിക്കിൽ എൻജിനിയറിംഗ് ക്ലാസിലേക്ക് ഒരു പെണ്‍തരിയെത്തുന്നതോടെ അവിടുത്തെ ചുള്ളന്മാരെല്ലാം ഉഷാറാകുന്നു. പിന്നെ അവർ ആ കിളിക്ക് ചുറ്റും പാറിപ്പറക്കാൻ തുടങ്ങുന്നു. ഇത് കണ്ട് സഹിക്കവയ്യാതെ കഥാനായകൻ മറ്റ് കോഴികളെ (ധർമജൻ, വിശാഖ് നായർ, ഗണപതി) കിളിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു. ഇത്തരം സംഭവവികാസങ്ങൾക്കൊത്താണ് ചിത്രത്തിന്‍റെ ആദ്യ പകുതിയുടെ യാത്ര.

ധർമജന്‍റെ ഭൂരിഭാഗം കൗണ്ടറുകൾ കുറിക്കുകൊള്ളാതെ പോകുന്നുണ്ടെങ്കിലും ചുരുക്കം ചില രംഗങ്ങളിൽ ചിരിയുണർത്താൻ സാധിച്ചു. വിശാഖാകട്ടെ തന്‍റെ ഭാവപ്രകടനങ്ങൾ ഏതുവിധത്തിൽ പുറത്തെടുക്കണമെന്ന് അറിയാതെ എന്തൊക്കയോ കാട്ടിക്കൂട്ടുന്പോൾ ഗണപതി ക്യൂട്ടായി തന്‍റെ പഞ്ചാരയടിയുമായി മുന്നോട്ടുപോയി.

കലാലയ ജീവിതം തിമിർത്ത് ആഘോഷിക്കുന്നവരാണ് ഇപ്പോഴത്തെ ചുള്ളന്മാർ. എന്നു കരുതി ലോഡ് കണക്കിന് അശ്ലീല ഡയലോഗുകൾ അടിക്കുന്നവരാണെന്ന് ഒമർ ലുലുവിനോട് ആരാ പറഞ്ഞത്. യൂത്തന്മാരെ തിയറ്റിനുള്ളിൽ കയറ്റി കൈയടിപ്പിച്ച് അവർ ഇത്രത്തോളം വൾഗറായി ചിന്തിക്കുന്നവരാണെന്ന് അവരെക്കൊണ്ടുതന്നെ പറയിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകൻ ചങ്ക്സിലൂടെ നടത്തിയിരിക്കുന്നത്.

റിയയായി എത്തിയ ഹണി റോസ് ചുള്ളന്മാരെ മയക്കുന്ന മാദകത്തിടന്പായി ചിത്രത്തിൽ പൂണ്ടുവിളയാടുന്നുണ്ട്. പക്ഷേ, അടിത്തറയില്ലാത്ത കഥയെ താങ്ങി നിർത്താനുള്ള കെൽപ്പ് ഹണിക്ക് ഇല്ലാതെപോയി. കഥയില്ലായ്മയ്ക്ക് ഹണി റോസിന്‍റെ ഗ്ലാമർ ഗെറ്റപ്പിലൂടെ പരിഹാരം കാണാമെന്നുള്ള സംവിധായകന്‍റെ ചിന്ത ശരിക്കും പാളിപ്പോകുന്നത് രണ്ടാം പകുതിയിലാണ്. നടൻ സിദ്ദിഖും ലാലുമെല്ലാം വന്നു പോകുന്നുണ്ടെങ്കിലും ഓർത്തിരിക്കാൻ പാകത്തിനുള്ള വിരുന്നൊന്നും ചിത്രത്തിലില്ല.

ഗോപി സുന്ദറിന്‍റെ സംഗീതം ന്യൂജൻ ട്രെൻഡുകൾക്ക് യോജിക്കും വിധത്തിലുള്ളതായിരുന്നു. പശ്ചാത്തല സംഗീതം കൊഴുപ്പിക്കാനായി ചില ഗിമ്മിക്കുകൾ കാട്ടിയപ്പോൾ കക്ഷിക്ക് പാളിപ്പോയെന്ന് മാത്രം. മറ്റ് സിനിമകളിൽ നിന്നും സംഗീതം കടംകൊള്ളുന്ന ഗോപി സുന്ദർ സ്റ്റൈൽ ചങ്ക്സിലും തുടരുന്നുണ്ട്.

ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ പൊങ്ങിവരുന്ന ട്വിസ്റ്റുകൾ സഹിക്കാൻ പറ്റില്ല. സംവിധായകന് കൂർമ ബുദ്ധിയാവാം പക്ഷേ, ഇത്രയ്ക്ക് പാടില്ലായെന്ന് മാത്രം. ഒരു സംവിധായകന് അല്ലെങ്കിൽ എഴുത്തുകാരന് എത്രത്തോളം തറയാകാൻ പറ്റുമെന്ന് ചങ്ക്സിലൂടെ തെളിയിച്ചു. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം കാണാൻ കൊള്ളുന്ന ചിത്രമല്ല ചങ്ക്സ് എന്ന് വ്യക്തമായി ഓർമിപ്പിക്കട്ടെ.

(ഒന്നും അങ്ങോട്ട് ഏശിയില്ല… എല്ലാ കൈവിട്ടുപോയി… ഇതൊക്കെ കാണാൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി.)

Related posts