കോഴിക്കോട്: മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ദിവസങ്ങള്‍ അതിനിര്ണായകമായിരിക്കേ റിവ്യൂ ബോംബിംഗ് പരാതി വീണ്ടും. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരാണ് റിവ്യൂബോംബിംഗ് പരാതിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മുതിര്‍ന്ന സംവിധായകനായ കമലിന്റെ ‘വിവേകാനന്ദന് വൈറലാണ്’, അനീഷ് അന്‍വറിന്റെ ‘രാസ്ത’, സാജിദ് യഹിയയുടെ ‘ഖല്‍ബ് എന്നീ സിനിമകളുടെ സംവിധായകരാണ് തങ്ങളുടെ സിനിമയെ ആദ്യദിനം തന്നെ മനപ്പൂർവം മോശം റിവ്യൂ നല്കി തകര്‍ത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ റിവ്യുബോംബിംഗ് പരാതി മലയാള സിനിമയില്‍ വീണ്ടും സജീവമായി.
റിവ്യൂ ബോംബിംഗ് തുടരുമ്പോള്‍ നെഞ്ചിടിക്കുന്ന മറ്റൊരുസംഭവം കൂടിയുണ്ട്. മലയാളത്തിലെ ഏക്കാലത്തെയും വലിയ റിലീസിനൊരുങ്ങുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന ലിജോ പല്ലിശേരി- മോഹന്‍ലാല്‍ ചിത്രം 25നാണ് റിലീസിന് എത്തുന്നത്.
ശക്തമായ സോഷ്യല്‍ മീഡിയ പ്രമോഷനുമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിനെതിരേയും റിവ്യൂബോംബിഗ് നടത്താനുള്ള സാധ്യതയും അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
മാത്രമല്ല അടുത്ത കാലത്തായി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രത്യേക മതങ്ങളുടെ വക്താക്കളായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്നിട്ടുണ്ട്. കോടതിയുടെ അടിയന്തര ഇടപെടല്‍ വരാനിരിക്കുന്ന മറ്റു സിനിമകളുടെ കൂടി ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനമാണെന്നാണു മലയാള സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രഖ്യാപനം മുതല്‍ മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’. റിലീസിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസാണ് വാലിബന്.
ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ തന്നെ വിദേശത്ത് 59 രാജ്യങ്ങളിലാണ് ചിത്രം എത്തുന്നത്.ഇന്‍ഡസ്ട്രി ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 1,447 ഷോകളുടെ പ്രീ ബുക്കിങ്ങില്‍ നിന്നായി 2.2 കോടി വാലിബന് നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് റിവ്യൂബോംബിംഗ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. രാവിലെ 6.30 മുതല്‍ ഷോ ആരംഭിക്കുന്നതിനാല്‍ ഇതിനുള്ള സാധ്യത ഏറെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സ്വന്തം ലേഖകന്‍