തൃശൂർ: നഗരം കാമറ വലയത്താൽ സുരക്ഷിതമാകും. 150 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും നന്പർ പ്ലേറ്റുകളും വരെ വ്യക്തമാകുന്ന 13 റിവോൾവിംഗ് കാമറകളും 178 സിസിടിവി കാമറകളും ഉൾപ്പെടെ 191 കാമറകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക.
5.20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനമായ പാലക്കാട് ഐടിഐ കന്പനി മൂന്ന് മാസ കാലയളവിനുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കും.
കാമറക്കണ്ണുകൾ തുറക്കുന്നതോടെ കോർപറേഷൻ പരിധിയിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ, മോഷണങ്ങൾ, വാഹനങ്ങൾ ഇടിച്ചിട്ടു നിർത്താതെ പോകുന്ന സംഭവങ്ങൾ, അക്രമസംഭവങ്ങൾ തുടങ്ങിയവയ്ക്ക് അറുതി വരുമെന്നാണ് പ്രതീക്ഷ പ്രധാന കവലകളിലാണ് 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള 13 പാൻ ടിൽറ്റ് സൂം റിവോൾവിംഗ് കാമറകൾ സ്ഥാപിക്കുക.
ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റീഡിംഗ് സുരക്ഷ സംവിധാനമാണിതിന്റെ പ്രത്യേകത. ഇതിലൂടെ രാത്രിയിലും പകലും രജിസ്ട്രേഷൻ നന്പറുകൾ തിരിച്ചറിയാൻ സാധിക്കും.
മറ്റിടങ്ങളിൽ സിസിടിവി പോലെ പ്രവർത്തിക്കുന്ന 178 ബുള്ളറ്റ് ഫിക്സഡ് കാമറകളും സ്ഥാപിക്കും. കാമറകളുടെ നിരീക്ഷണം സിറ്റി പോലീസ് കണ്ട്രോൾ റൂമിന്റ കീഴിലാണ്. സിറ്റി പോലീസ് കമ്മീഷണറേറ്റാണ് പദ്ധതി തയാറാക്കി കോർപറേഷനു സമർപ്പിച്ചത്.
സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലുമായി 44 കാമറകൾ സ്ഥാപിക്കും. പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ കാമറകൾ പ്രവർത്തിപ്പിക്കാനും സംരക്ഷണം നൽകാനും സാങ്കേതിക കമ്മിറ്റിയെ നിയോഗിക്കും.
ഇതോടെ മോഷണം, സംഘട്ടനം എന്നിവയെക്കുറിച്ചുള്ള ദൃശ്യ ശേഖരണം പോലീസിന് എളുപ്പമാകും.