ന്യൂഡല്‍ഹി: പാക് സൈനികരുടെ തലയറുത്ത് ഇന്ത്യയ്ക്ക് കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലിം യുവ ആതങ്കവാദ് വിരോധി സമിതി എന്ന സംഘടന രംഗത്ത്.സംഘടനയുടെ ചെയര്മാന് മുഹമ്മദ് ഷക്കീല്‍ സൈഫി ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. പാരിതോഷികം നല്കാന് സംഘടനാ പ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ആവശ്യമായ പണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണരേഖയില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനുള്ള മറുപടിയായാണ് പാക്ക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
മെയ് ഒന്നിനാണ് പാക് സൈന്യം നിയന്ത്രണരേഖയ്ക്കടുത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് ഇന്ത്യന്‍ ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ്.